മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന് ആഗസ്റ്റ് ഇരുപത്തിരണ്ടിന് തിരിതെളിയും. കൊച്ചിയിൽ അരങ്ങേറുന്ന പൂജ ചടങ്ങോടെയാണ് ആരംഭം കുറിക്കുന്നത്.
പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ കാൻവാസിലാണ് അവതരണം. ബിഗ് ബഡ്ജറ്റ് ചിത്രമായകാട്ടാളൻ മാർക്കോയേപ്പോലെയോ, അതിലും മുകളിലോ മികവുറ്റസാങ്കേതിക മികവോടെയായിരിക്കും പ്രേക്ഷക മുന്നിലെത്തുക.
മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റർ 2വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ലോകമെമ്പാടും തരംഗമായി മാറിയ കാന്താരയിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി. പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി 2, കൺ ക്ലൂഷൻ, ജവാൻ ബാഗി 2, ഓങ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ ലോകപ്രശസ്തനായ കൊച്ച കെംബഡികെ ചിത്രത്തിന്‍റെ ആക്ഷൻ കൈകാര്യം ചെയ്യുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
പെപ്പെ എന്നു പരക്കെ അറിയപ്പെടുന്ന ആന്‍റണി വർഗീസാണ് ഈ ചിത്രത്തിലെ നായകൻ. ആന്‍റണി വർഗീസ് എന്ന യഥാർഥ പേരു തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേരും. മാർക്കോ പോലെ തന്നെ പൂർണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് കാട്ടാളന്‍റെ അവതരണം. രജീഷ വിജയനാണ് നായിക.
അഭിനയ രംഗത്ത് വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളത്തിനു പുറമേ ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുങ്കിലെ പ്രശസ്ത താരം സുനിൽ( പുഷ്പ ഫെയിം), മാർക്കോയിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തിയാർജ്ജിച്ച കബീർദുഹാൻ സിങ്, കേരളത്തിൽ വലിയ തരംഗമായി മാറിയ വ്ളോഗറും സിംഗറുമായ ഹനാൻഷാ റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു , എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ ആണ് ഈ ചിത്രത്തിന്‍റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിങ് -ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ മറ്റ് അഭിനേതാക്കളുടേയും, മറ്റ് അണിയറ പ്രവർത്തകരുടേയും പേരുകൾ പൂജാവേളയിൽ പ്രഖ്യാപിക്കുന്നതാണന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ചിത്രീകരണം ഇൻഡ്യയിലും വിദേശങ്ങളിലുമായി പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.