ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം കൂലി നാളെ റിലീസാകുകയാണ്. തിയറ്ററുകളിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് തന്നെ ചരിത്രം സൃഷ്ടിക്കുകയാണ് ചിത്രം. റെക്കോർഡുകൾ തകർത്ത പ്രീ-സെയിലുകളുമായി തമിഴ് സിനിമ ചരിത്രത്തിലേക്ക് കടക്കുകയാണ് കൂലി എന്നാണ് റിപ്പോർട്ടുകൾ. കൂലിയുടെ അഡ്വാൻസ് ബുക്കിങ് ആഗോളതലത്തിൽ ഇതിനകം തന്നെ 80 കോടി കവിഞ്ഞു.
റിലീസിന് മുമ്പ് 1.8 ദശലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. റിലീസ് ചെയ്ത് ആദ്യ ദിനത്തോടെ 100 കോടി കടക്കുമെന്നും നിലവിലെ ട്രെൻഡ് നിലനിൽക്കുകയാണെങ്കിൽ 150 കോടി പോലും നേടാമെന്നും റിപ്പോർട്ടുകളുണ്ട്. വിജയ് ചിത്രം ലിയോയുടെ 143 കോടി എന്ന റെക്കോർഡിനെ മറികടക്കാനാകുന്ന കണക്കാണിത്.
അതേസമയം, കേരളത്തിലും കർണാടകയിലും ചിത്രത്തിന് അതിരാവിലെ പ്രദർശനങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ചിത്രത്തിന്‍റെ വിതരണാവകാശം വിതരണ കമ്പനിയായ ഹസ്സൻ മീനു അസോസിയേറ്റ്സാണ് സ്വന്തമാക്കിയത്. കൂലിയുടെ അഡ്വാൻസ് ബുക്കിങ് ആഗസ്റ്റ് എട്ട് (ഇന്ന്) മുതൽ ആരംഭിച്ചിട്ടുണ്ട്. യു.കെയിൽ കൂലിയുടെ പ്രദർശനം പുലർച്ചെ 12:30 ന് (ഇന്ത്യൻ സമയം 5am) ആരംഭിക്കും. ദുബായിൽ പ്രദർശനങ്ങൾ രാവിലെ 9:30ന് മാത്രമേ ആരംഭിക്കൂ.
ചിത്രത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രജനീകാന്തിനും ആമിറിനും പുറമേ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ഫിലോമിന്‍ രാജ് ആണ് എഡിറ്റിങ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഒരു കോളിവുഡ് ചിത്രത്തിന് വിദേശത്ത് റെക്കോർഡ് ബ്രേക്കിങ് ഡീൽ നേടിക്കൊടുത്തതിലൂടെയാണ് കൂലി അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ വന്‍ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.