ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്ത 'സൂത്രവാക്യം' ഒ.ടി.ടിയിലെത്തി. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം. നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ചിത്രം ആഗസ്റ്റ് 21 മുതൽ ലയൺസ്ഗേറ്റ് പ്ലേയിലും ആഗസ്റ്റ് 27ന് ആമസോൺ പ്രൈമിലും സ്ട്രീമിങ്ങിനായി ലഭ്യമാകും. ഡിജിറ്റൽ വിതരണം കൈകാര്യം ചെയ്യുന്നത് നിതിൻ എൻഫ്ലിക്സാണ്. അതുല്യമായ കഥാതന്തുവും ശക്തമായ പ്രകടനവും കൊണ്ട് പ്രശംസ നേടിയ ത്രില്ലറാണ് സൂത്രവാക്യം.
പ്രാദേശിക വിദ്യാർഥികൾക്ക് ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിനായി സമയം ചെലവഴിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ സേവ്യർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നത്. ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ക്രിസ്റ്റോയുടെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് നീങ്ങുന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തലം.
സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച ചിത്രം നിർമിച്ചത് കന്ദ്രഗുള ശ്രീകാന്താണ്. റെജിന്‍ എസ്. ബാബുവിന്റെ കഥക്ക് സംവിധായകനായ യൂജിന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീറാം ചന്ദ്രശേഖരന്‍ ക്യാമറ, നിതീഷ് എഡിറ്റിങ് എന്നിവ നിർവഹിക്കുന്നു. കേരള പൊലീസ് സംരംഭമായ റീകിൻഡ്ലിങ് ഹോപ്പ് പോലുള്ള പ്രോഗ്രാമുകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.