ചിരഞ്ജീവിയും രേവന്ത് റെഡ്ഡിയും

തെലങ്കാനയിലെ സിനിമ സമരം അവസാനിച്ചു; രേവന്ത് റെഡ്ഡിക്ക് നന്ദി പറഞ്ഞ് ചിരഞ്ജീവി

തെലുങ്ക് സിനിമ മേഖലയിൽ 18 ദിവസമായി നടന്നുവന്ന സമരം അവസാനിച്ചു. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ ഇടപെടലിനെത്തുടർന്നാണ് ഫിലിം ഫെഡറേഷൻ ജീവനക്കാർ സമരം പിൻവലിച്ചത്. അഡീഷണൽ ലേബർ കമീഷണറുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷം ഒത്തുതീർപ്പിലേക്ക് എത്തുകയായിരുന്നു.

ഫിലിം ഇൻഡസ്ട്രി എംപ്ലോയീസ് ഫെഡറേഷൻ 30 ശതമാനം വേതന വർധനവ് ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. എന്നാൽ നിർമാതാക്കൾ ആദ്യം ഈ ആവശ്യം നിരസിച്ചു. തെലങ്കാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനായ നിർമാതാവ് ദിൽ രാജു നടത്തിയ ചർച്ചകൾക്ക് ശേഷം ഒത്തുതീർപ്പിലെത്തിയതോടെ ആദ്യ വർഷം 15 ശതമാനം വർധനവോടെ, മൂന്ന് വർഷത്തിനുള്ളിൽ 22.5 ശതമാനം വേതന വർധനവ് കരാർ അനുവദിച്ചു. വ്യാഴാഴ്ച ലേബർ ഓഫിസിൽ നടന്ന ചർച്ചകളിൽ, ഇരു കക്ഷികളും ഘടനാപരമായ വേതന വർധനവിന് സമ്മതിച്ചു.

പ്രശ്നം രമ്യമായി പരിഹരിച്ചതിന് രേവന്ത് റെഡ്ഡിക്ക് നന്ദി പറഞ്ഞുകൊണ്ട് നടൻ ചിരഞ്ജീവി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കിട്ടു. 'വളരെ സങ്കീർണമായ ഒരു വ്യവസായ പ്രശ്നം വളരെ യോജിപ്പോടെ പരിഹരിച്ച്, നിർമാതാക്കൾക്കും തൊഴിലാളികൾക്കും നീതി ഉറപ്പാക്കിയതിന് ബഹുമാനപ്പെട്ട തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഞാൻ എന്റെ പൂർണഹൃദയത്തോടെ നന്ദി പറയുന്നു' എന്നാണ് ചിരഞ്ജീവി എക്സിൽ പങ്കുവെച്ച കുറിപ്പ്.

പ്രമേയത്തിൽ എല്ലാ കക്ഷികൾക്കും വിശ്വാസമുണ്ടെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നോട് നിർദേശിച്ചതായി ദിൽ രാജു പറഞ്ഞു. സമരം അവസാനിക്കുന്നത് നല്ലകാര്യമാണെന്ന് നിർമാതാവ് ശ്രീനിവാസ കുമാർ എക്സ് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. 18 ദിവസമായി പലയിടത്തും ചിത്രീകരണങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇത് വലിയ നഷ്ടത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Tollywood workers' strike ends after 18 days, Chiranjeevi thanks Revanth Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.