പാ രഞ്ജിത് ചിത്രം വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ എസ്. മോഹൻരാജ് മരിച്ച സംഭവം സിനിമാ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. സംഘട്ടന കലാകാരൻമാരുടെ സുരക്ഷയെ സംബന്ധിച്ച് ഇതിനോടകം നിരവധി ചർച്ചകളാണ് നടക്കുന്നത്. ഈയടുത്താണ് അക്ഷയ് കുമാർ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ഇൻഷുറൻസ് ഉറപ്പാക്കിയത്. ഇപ്പോഴിതാ മോഹൻരാജിന്റെ കുടുംബത്തിന് സഹായവുമായെത്തിയിരിക്കുകയാണ് നടന്മാരായ സൂര്യയും ചിമ്പുവും. സ്റ്റണ്ട് മാസ്റ്റർ സിൽവയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
'മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഫോൺ ചെയ്തത് നടൻ ആര്യയാണ്. വിജയ് സാർ ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വിജയ് സാറിന്റെ മിക്ക ചിത്രങ്ങളിലും മോഹൻരാജ് പ്രവർത്തിച്ചിട്ടുണ്ട്. ചിമ്പു ആർ സാർ ഫോൺ ചെയ്ത് വിവരം തിരക്കി. തൊട്ടടുത്തദിവസം തന്നെ വലിയൊരു സംഖ്യയുടെ ചെക്കുമായി വന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം എന്ന് പറഞ്ഞു. മോഹൻരാജിന്റെ കുട്ടികളുടെ പഠനച്ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് സൂര്യ സാറിന്റെ മാനേജർ അറിയിച്ചിട്ടുണ്ട്' സിൽവ പറഞ്ഞു.
പാ രഞ്ജിത്ത് ചിത്രത്തിലെ അപകടകരമായ ഒരു കാർ സ്റ്റണ്ടിനിടയിലാണ് രാജു മരിച്ചത്. ഒരു രംഗത്തിനായി അദ്ദേഹം ഒരു എസ്.യു.വി ഓടിക്കുകയായിരുന്നു. റാമ്പിൽ കയറി ബാലൻസ് നഷ്ടപ്പെട്ട് മറിയുകയും മുൻവശത്ത് ശക്തമായി ഇടിച്ചിറങ്ങിയാണ് അപകടം സംഭവിച്ചത്. തമിഴ് നടൻ വിശാൽ ആണ് രാജുവിന്റെ മരണം സ്ഥിരീകരിച്ചത്. രാജുവിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും വിശാൽ ഉറപ്പുനൽകിയിട്ടുണ്ട്. സിനിമാ മേഖലയിലെ നിരവധി പേർ ഇദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.