ജീവിതവ്യവഹാരങ്ങളുടെ സമാഹാരമാണ് പാട്ട്. അതിൽ നീയും ഞാനുമെന്ന ദ്വന്ദ്വത്തിന്റെ സവിശേഷ സാക്ഷ്യങ്ങൾ നിരന്തരം പ്രത്യക്ഷമാവുന്നു. പാട്ടുണ്ടായ കാലം മുതൽക്കേ നീയും ഞാനുമെന്ന പൊരുൾ സുഗന്ധവും പ്രകാശവുമെന്നപോൽ പാട്ടിൽ തെളിയുന്നു. നീ, ഞാൻ എന്ന ദ്വയത്തിനുള്ളിലെ പൊരുത്തമെന്ന ഭാവതലം പ്രണയസമാഗമ ബന്ധമായി പാട്ടുകളിൽ നിറയുന്നു.
‘നീയും ഞാനും നമ്മുടെ േപ്രമവും കൈമാറാത്ത വികാരമുണ്ടോ’ എന്ന വയലാറിന്റെ വരിയിലുണ്ടായിരുന്നു ഇത്തരമൊരീണത്തിന്റെ ഭാവപ്പൊരുളുകൾ. നിത്യകാമുകിയും സന്യാസിനിയും സ്വപ്നലേഖയും ചക്രവർത്തിനിയുമൊക്കെയായിരുന്നു വയലാർ ഗാനങ്ങളിലെ പ്രണയിനികൾ.
നിത്യകാമുകിയുടെ മടിയിലെ ചിത്രവിപഞ്ചികയായും സന്യാസിനിയുടെ പുണ്യാശ്രമത്തിൽ സന്ധ്യാപുഷ്പവുമായെത്തുന്നവനായും സ്വപ്നലേഖയുടെ സ്വയംവരപ്പന്തലിൽ പറന്നിറങ്ങുന്നവനായുമൊക്കെ വയലാറിന്റെ പാട്ടിലെ കാമുകൻ പ്രത്യക്ഷനാവുന്നു.
കർമപ്രപഞ്ചത്തിൽ ജീവിതയാത്രയിൽ ‘നമ്മളേ നമ്മൾക്കായ് പങ്കുവെക്കുന്ന’വരായിരുന്നു ഭാസ്കരൻ മാഷിന്റെ പാട്ടിലെ പ്രണയിനികൾ. ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ എന്ന് പരിഭവമോതുന്ന ഒരുവളുണ്ടായിരുന്നു അവിടെ. ‘മിഴിയിണ ഞാനടക്കുമ്പോൾ കനവുകളിൽ നീ മാത്രം മീഴിയിണ ഞാൻ തുറന്നാലും നിനവുകളിൽ നീ മാത്രം’ എന്ന് ഒരു പാട്ടിലെഴുതിയതും ‘കണ്ണടച്ചാലും കണ്ണു തുറന്നാലും നിന്നെത്തന്നെ കിനാവു കാണും’ എന്ന് ഭാസ്കരൻ മാഷ് മറ്റൊരു പാട്ടിൽ എഴുതിയതും ഒരേ കാര്യംതന്നെയാണ്.
‘പ്രാണസഖി ഞാൻ വെറുമൊരു പാമരനായ പാട്ടുകാരൻ’ എന്നെഴുതി ഭാസ്കരൻ മാഷിന്റെ പാട്ടിലെ നായകൻ പ്രണയിനിയുടെ മുന്നിൽ വിനീതനായി ‘പറയാം ഞാൻ ഭദ്രേ, നീ കേൾക്കുവാനാവാതെ ഒരു വരിപോലും ഞാൻ പാടിയില്ല’ എന്ന് ഒ.എൻ.വിപ്പാട്ടിലെ കാമുകൻ തന്റെ നിഗൂഢ പ്രണയാർദ്ര ചിത്തത്തെ നമുക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ‘നർത്തനമാടുവാൻ മോഹമാണെങ്കിലീ ഹൃത്തടം വേദിയാക്കൂ’ എന്നെഴുതിയതും ഇതുപോലെയുള്ള ഒരു പ്രണയനിനവിന്റെ സ്വാഭാവികവും ചേതോഹരവുമായ തുടർച്ചയായി കാണാം.
‘ആരോ പോരുന്നെൻ കൂടെ’, എന്ന വരിക്ക് മറുപടിയായി ‘േപാരാം ഞാനും നിൻ കൂടെ’ എന്ന് പറയുന്ന മനസ്സിന്റെ സൗന്ദര്യമുണ്ടായിരുന്നു ഒ.എൻ.വിയുടെ ഒരു പാട്ടിൽ. ‘നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി’ ഒരാൾ അരികെ നിൽക്കുമ്പോഴും കണ്ണുനീർ തുടക്കാതെ ഒന്നും പറയാതെ ഒരന്യനെപ്പോലെ നിൽക്കുന്ന ഒരാളുടെ നിശ്ശബ്ദ പ്രണയത്തിന്റെ സൗന്ദര്യം നിലീനമായി ഒ.എൻ.വിപ്പാട്ടുകളിൽ.
‘പിന്നെ ഞാൻ പാടിയൊരീണങ്ങളൊക്കെയും നിന്നെക്കുറിച്ചായിരുന്നു’ എന്ന വരി മൊഴികളിലെ സംഗീതസാഫല്യമായി. ‘തീരത്തടിയും ശംഖിൽ നിൻപേര് കോറിവരച്ചു ഞാൻ ഞാൻ’ എന്ന് തരളിതനാവുകയാണ് മറ്റൊരാൾ. ‘എൻ മുളന്തണ്ടിലെ പാട്ട് കേട്ടിന്നലെ മണ്ണിൽ നിന്നെന്നെയും തേടി നീ വന്നുവോ’ എന്നൊരൗത്സുക്യവും കൗതുകവും ഒ.എൻ.വിപ്പാട്ടിലെ നായകനെപ്പോഴുമുണ്ട്. ‘പാടാതെ നമുക്ക് പാടാം വീണ്ടുമൊരു പ്രേമഗാനം’ എന്ന പാട്ടിൽ സമാഗമത്തിന്റെ സംഗീതമുഹൂർത്തമൊരുക്കുകയാണ് ശ്രീകുമാരൻ തമ്പി.
നീയും ഞാനുമെന്ന സങ്കൽപം നിത്യനിർവൃതിയായി പ്രശോഭിക്കുകയാണ് ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളിൽ. ‘ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ ഇന്ദീവരങ്ങളായ് ഞാൻ വിടർന്നുവെങ്കിൽ’ എന്നാഗ്രഹിക്കുന്ന ഒരു കാമുകഹൃദയത്തെ നാം കാണുന്നുണ്ട് തമ്പിയുടെ ഒരു ഗാനത്തിൽ. ‘നിൻപ്രേമപൂജതൻ നിർവൃതിപുഷ്പങ്ങൾ നിത്യവും ഞാനണിയും’ എന്ന വരി പ്രേമാരാധനയുടെ രാഗനൈവേദ്യം കൂടിയാണ്. ഹൃദയേശ്വരിയുടെ നെടുവീർപ്പിൽ മധുരസംഗീതം കേൾക്കുന്നതും പ്രണയനിർവൃതിയുടെ സാഫല്യംതന്നെയാണ്.
യൂസഫലി കേച്ചേരിയുടെ ഗാനങ്ങളിൽ നീയുംഞാനുമെന്ന ഇരട്ടത്തരം കുറച്ചുകൂടി ഗാഢമാകുന്നു. ‘എന്റെ പേര് വിളിക്കയാണോ നിന്റെ കൈയിലെ കങ്കണം’ എന്ന പാട്ടിൽ ഈ പ്രേമമധുരത്തിന്റെ മധുവൂറുന്നു. ‘ഓമലാളെ നെഞ്ചിൽ നിനക്കൊരു കൂടൊരുക്കി ഞാൻ’ എന്നെഴുതിയതും ‘ഓമലാളെ എന്റെ മനസ്സിൽ പ്രേമമധുരം നീ’ എന്നെഴുതിയതും യൂസഫലി കേച്ചേരിയുടെ പ്രണയപുണ്യം പുലർന്ന വിരലുകളാണ്. ‘നിൻ വിരൽതുമ്പിലെ വിനോദമാകാനും നിന്റെ ഇഷ്ടഗാനമെന്ന പേരിൽ അറിഞ്ഞിടാനുമൊക്കെയാണ് ബിച്ചു തിരുമലയുടെ പാട്ടിലെ കഥാനായകനിഷ്ടം.
‘നിൻമടിയിൽ വീണുറങ്ങി ഈണമായുണരാനാണ് എന്നുള്ളിലെ മോഹമെന്ന് അയാൾ ഉറപ്പിച്ചു പറയും. ‘സാരസാക്ഷി നിൻമടിയിൽ സകലതും മറന്നുവെക്കാൻ സദയംനീ അനുവദിക്കൂ’ എന്നൊക്കെ പ്രണയിനിയോട് അഭ്യർഥിക്കാൻമാത്രം സുരഭിലമായ മാത്രകളാണ് ബിച്ചുവിന്റെ പാട്ടുകളിൽ ഇളവേറ്റത്.
‘ഒരേ രാഗപല്ലവി നമ്മൾ ഒരു ഗാനമഞ്ജരി നമ്മൾ’ എന്നൊക്കെയുള്ളിൽ ആനന്ദിക്കുന്ന ഒരാൾ ബിച്ചു തിരുമലയുടെ പാട്ടുകളിൽ എക്കാലത്തും ഉണ്ടായിരുന്നു. ‘ആസ്വാദകൻ ഞാനൊരാരാധകൻ ആരോമലേ നിന്റെ ആരാധകൻ’ എന്നുറക്കെ പ്രഖ്യാപിക്കുന്ന ധീരതയുണ്ടായിരുന്നു. ‘ജന്മരാഗമാണ് നീ, നിൻ ജന്യരാഗമാണ് ഞാൻ’ എന്ന് ബിച്ചു തിരുമല തന്റെ പ്രണയസങ്കൽപത്തിന്റെ സൗന്ദര്യധാരകൾ മുഴുവനും പകർന്നു നൽകി.
പുരുഷനുമായ് പ്രകൃതി ലയിക്കുന്ന വരമുഹൂർത്തത്തെ പാട്ടിലാക്കിയത് കാവാലമാണ്. അന്യോന്യമറിയുന്ന ലഹരിലയമാണ് കാവാലത്തിന്റെ പാട്ടിലെ പ്രണയം. പ്രണയിനിയുടെ കാതിൽ മൂളുന്ന പ്രണയമന്ത്രം നെഞ്ചിന്റെ നേരാണെന്ന് കാവാലം തന്റെ പാട്ടിൽ എഴുതിയപ്പോൾ അതിന് ലൗകികതയേകാൻ അലൗകികമായ വിസ്തൃതി കൈവന്നു. ‘എന്നെയും നിന്നെയും തമ്മിലിണക്കുമീ ധന്യമുഹൂർത്തമിന്നേതു രാഗം’ എന്ന ഏഴാച്ചേരി രാമചന്ദ്രന്റെ വരിയിൽ നീയും ഞാനുമിണങ്ങുന്ന അനഘ മുഹൂർത്തമുണർത്തും.
നിന്നിൽ നിമിഷമേഘമായ് ഞാൻ പെയ്ത് തോർന്നിടാമെന്ന് ഉള്ളിൽ ഉരുകുന്ന കഥാപാത്ര മനസ്സിനെയാണ് കൈതപ്രം ഒരു പാട്ടിൽ കൽപന ചെയ്ത് ‘നിന്നെക്കുറിച്ച് ഞാൻ പാടുമീരാത്രിയിൽ’ മൗനത്തെ ശ്രുതി ചെയ്തുവെക്കാമെന്ന് പ്രണയം പങ്കിടുകയാണ് കൈതപ്രം മറ്റൊരു പാട്ടിൽ. കൂരിരുട്ടിന്റെ ഇടനാഴിയിൽ നിൽക്കുന്ന പ്രണയിയുടെ ആത്മഗതം ഇങ്ങനെയായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടിൽ. ‘ഞാൻ നിൻപാട്ടിലെ തീരാസാധകം’ ‘നീ എൻ ജീവനിൽ ഒരു രോമാഞ്ചമായ്, കൺകളിൽ പൂക്കാലമായ്, പുലരികളിൽ ഭൂപാളമായ്, സന്ധ്യകളിൽ ഭൈരവിയായ്’ എന്നൊക്കെ പ്രണയിനിയെ പാട്ടിലാക്കിയത് പൂവച്ചൽ ഖാദറാണ്.
‘കണ്ടുമുട്ടി നാമെങ്കിലുമേതോ ധന്യമാമൊരു വേളയിൽ എന്ന് അദ്ദേഹം ഒരു പാട്ടിന്നകമേ ധന്യനായി. ‘ഒന്നുചേർന്നു നാം ഏതു ശക്തികൾ മണ്ണിൽ നമ്മെയകറ്റുവാൻ’ എന്ന് ഉറച്ചുവിശ്വസിക്കുന്ന പ്രണയികളുണ്ടായിരുന്നു പൂവച്ചലിന്റെ പാട്ടിൽ. പ്രാണനാഥൻ അണയുന്ന കാലൊച്ച കേൾക്കുവാൻ കാതോർത്തിരിക്കുന്ന പ്രണയിനിയെ കാണാം പൂവച്ചലിന്റെ ഗാനത്തിൽ. ‘പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ, ഓളങ്ങൾ തൻ ഏതോ തേരിൽ പകലറിയാതിരവറിയാതൊഴുകുകല്ലോ’ എന്ന് പ്രേമത്തിന്റെ സുന്ദരനിമിഷങ്ങൾ പാട്ടിൽ പകർത്തി റഫീഖ് അഹമ്മദ്.
‘നീയും നിനക്കുള്ളൊരീ ഞാനും നിറയെ കുറുമ്പുള്ള കുഞ്ഞോളും’ എന്ന് ദാമ്പത്യസാകല്യത്തിന്റെ ചേതോഹരമായ ധാരയെ ശരത്ചന്ദ്ര വർമ തന്റെ പാട്ടിൽ സന്നിവേശിപ്പിച്ച ‘നീയും ഞാനും രാവിൻ കനവിൽ ഓരോ നാളും ചേരും തമ്മിൽ ഏഴാം ബഹറിൻ ഇടനാഴിയിൽ മേഘംപോലെ ഒഴുകീടവേ’ എന്ന് ഹരിനാരായണന്റെ വരികൾ പ്രണയം പറയുന്നു. ‘നീയും ഞാനും പ്രേമമെന്ന പാട്ട്, നാട്ടിലെങ്ങും പാട്ട്’ എന്ന വിനീത് ശ്രീനിവാസന്റെ വരികളിൽ പുതിയ കാലത്തിന്റെ പ്രണയം നിറയുന്നു.
‘നീയും ഞാനും ചേരുമൊരു പകലെ, ചേരുംമുമ്പേ മായരുതേ നീയിനി അകലേ’ എന്ന വിനായക് ശശികുമാറിന്റെ വരികളിലും പുതുകാല പ്രേമത്തിന്റെ ചാരുതകൾ കാണാം. ഇങ്ങനെ നീയും ഞാനുമെന്ന സുന്ദര സങ്കൽപം പാട്ടിലെ നിത്യനിമിഷമായിരുന്നു. ചേർച്ചയും അകൽച്ചയും പാട്ടിലെ പ്രത്യക്ഷ ഭാവനകളായി തുടരുന്നു. പാട്ടിലെ നീ-ഞാൻ ബന്ധം മഹത്തായൊരു പ്രണയാനുഭവത്തിന്റെ അന്തരീക്ഷമൊരുക്കാനും ലോകമുള്ളിടത്തോളം കാലം നീയും ഞാനുമെന്ന സങ്കൽപം, പാട്ടിലെ യാഥാർഥ്യമായി പരിണമിച്ചുകൊണ്ടിരിക്കുമെന്നുറപ്പാണ്.
നീയും ഞാനുമെന്ന യാഥാർഥ്യത്തിൽനിന്ന് ഒടുവിൽ നീ മാത്രം അവശേഷിക്കാൻ പോകുന്നു എന്ന ബഷീറിയൻ വാക്യമോർത്തുപോകുന്നു, ദൈവത്തെ കൂടി ഉൾപ്പെടുത്തി അദ്ദേഹം ഭാവന ചെയ്തതാണെങ്കിലും സ്ത്രീപദവി പ്രണയത്തിന്റെ താക്കോൽ വാക്യങ്ങളായി നീ-ഞാൻ എന്ന ലളിതവും സരളവുമായ സങ്കൽപ യാഥാർഥ്യങ്ങൾ എക്കാലവും പാട്ടിൽതരംഗങ്ങൾ സൃഷ്ടിച്ചിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.