എം.എം കീരവാണിയുടെ പിതാവും ഗാനരചയിതാവുമായ ശിവശക്തി ദത്ത അന്തരിച്ചു

മുതിർന്ന ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത അന്തരിച്ചു. തിങ്കളാഴ്ച രാത്രി വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു.  ഗാനരചയിതാവ് എന്നതിലുപരി, തെലുങ്ക് സിനിമാ തിരക്കഥാകൃത്ത്, ചിത്രകാരൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.

'ബാഹുബലി' സിനിമകൾക്കും എസ്.എസ്. രാജമൗലിയുടെ മറ്റ് എല്ലാ സിനിമകൾക്കും സംഗീതം നൽകിയ സംഗീതസംവിധായകൻ എം.എം. കീരവാണി അദ്ദേഹത്തിന്റെ മകനാണ്. എസ്.എസ്. രാജമൗലിയുടെ പിതാവും എഴുത്തുകാരനുമായ വിജയേന്ദ്ര പ്രസാദിന്റെ മൂത്ത സഹോദരനാണ് ശിവശക്തി ദത്ത.

'ചിത്രകാരനും സംസ്കൃത ഭാഷയിലെ പണ്ഡിതനും എഴുത്തുകാരനും കഥാകാരനും ബഹുമുഖ പ്രതിഭയുമായ ശ്രീ ശിവ ശക്തി ദത്തയുടെ മരണം എന്നെ വളരെയധികം ഞെട്ടിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു... എന്റെ സുഹൃത്ത് കീരവാണി ഗാരുവിനും കുടുംബാംഗങ്ങൾക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു' എന്നാണ് ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ കുറിച്ചത്. വാർത്ത പുറത്തുവന്നതുമുതൽ ആരാധകരും സഹപ്രവർത്തകരും അനുശോചനം അറിയിക്കുന്നുണ്ട്. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

1932ലാണ് കൊഡൂരി സുബ്ബറാവു എന്ന ശിവശക്തി ദത്ത ജനിക്കുന്നത്. മുംബൈയിലെ സർ ജെ.ജെ സ്കൂൾ ഓഫ് ആർട്സിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം അദ്ദേഹം ജന്മനാടായ കൊവ്വൂരിലേക്ക് മടങ്ങി. ആ ഘട്ടത്തിൽ, കമലേഷ് എന്ന തൂലികാനാമമുള്ള ഒരു ചിത്രകാരനായിരുന്നു അദ്ദേഹം. പിന്നീട്, അദ്ദേഹം തന്റെ പേര് ശിവശക്തി ദത്ത എന്ന് മാറ്റി. സംഗീതം, ഗിറ്റാർ, സിത്താർ, ഹാർമോണിയം എന്നിവ പഠിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. സൈ, ഛത്രപതി, രാജണ്ണ, ബാഹുബലി, ആർ.ആർ.ആർ, ഹനുമാൻ എന്നിവയുൾപ്പെടെ രാജമൗലിയുടെയും എം.എം കീരവാണിയുടെയും ചിത്രങ്ങൾക്ക് ദത്ത വരികൾ എഴുതിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് 'ചന്ദ്രഹാസ്' എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Tags:    
News Summary - Telugu lyricist Siva Shakti Datta, father of Oscar winner MM Keeravani, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.