കഷണങ്ങളാക്കാതെ ആടിനെ മുഴുവനായി പാചകം ചെയ്ത് അങ്ങനെതന്നെ തീന്‍മേശയിലെത്തിച്ച് ഭക്ഷിക്കുന്ന രീതിയും അറേബ്യന്‍ പൈതൃകത്തിന്റെ ഭാഗമാണ്. വൃത്തിയാക്കിയ ആടിൽ പലവ്യഞ്ജനങ്ങളുടെ ലേപനം പുരട്ടിയും വയറിനുള്ളില്‍ പലതരം ചേരുകളുടെ മിശ്രിതം നിറച്ചും വേവിച്ചെടുക്കുന്നതാണ് ആട് നിറച്ചത്. അറബികളുടെ ഇഷ്ടപ്പെട്ട ഭക്ഷണമാണിത്.
തലയുൾപ്പെടുത്തി വൃത്തിയാക്കിയ ആട്. കണ്ടാല്‍ ആടിന്റെ രൂപം മുഴുവനായുമുണ്ടാകുന്നതിനാണ് ഇങ്ങനെ വൃത്തിയാക്കുന്നത്. മൂന്നു നാരങ്ങ, ഒരു കഷണം ഇഞ്ചി, രണ്ടു കൂട് വെളുത്തുള്ളി, നാലു സവാള ചെറുതായി അരിഞ്ഞത്, കറിപൗഡര്‍, കുരുമുളകുപൊടി കറുത്തതും വെളുത്തതും (എല്ലാം ഒരു സ്പൂണ്‍ വീതം), മഞ്ഞപ്പൊടി (അര സ്പൂണ്‍), പാകത്തിന് ഉപ്പ് എന്നിവയിട്ട് നന്നായി പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കണം.
ശേഷം ഈ മിശ്രിതം ആടിന്റെ ശരീരത്തില്‍ മുഴുവന്‍ തേച്ചുപിടിപ്പിക്കണം. വയറിനുള്ളിലും തേക്കണം. എന്നിട്ട് രണ്ടു മണിക്കൂര്‍ മുതൽ മൂന്നു മണിക്കൂറാകാം. മക്കറോണ എടുത്ത് 10 മിനിറ്റ് വെള്ളത്തിലിട്ട് തിളപ്പിച്ച് മാറ്റിവെക്കണം. ഒരു പാത്രമെടുത്ത് നാല് സവാള അരിഞ്ഞിട്ട് നെയ്യില്‍ വഴറ്റണം. ഒരു സ്പൂണ്‍ ഗാര്‍ലിക് പേസ്റ്റും മട്ടണ്കീമയും ചേര്‍ത്ത് നന്നായി വേവിക്കണം.
അര സ്പൂണ്‍ ബ്ലാക്ക് പെപ്പര്‍, അര സ്പൂണ്‍ മിക്സ് പൗഡര്‍, ഉപ്പ്, മാഗി സ്ക്യൂബ് എന്നിവകൂടി ഇട്ട് വെന്തുകഴിയുമ്പോള്‍ നേരത്തേ തയാറാക്കിവെച്ചിരിക്കുന്ന മക്കറോണയുമായി മിക്സ് ചെയ്യണം. ഈ മിശ്രിതത്തിന്റെ നേര് പകുതിയെടുത്ത് ആടിന്റെ വയറിനുള്ളില്‍ നിറക്കണം. ശേഷം ശസ്ത്രക്രിയ കഴിഞ്ഞ് തുന്നിക്കെട്ടുന്നതുപോലെ വയര്‍ തുന്നിക്കെട്ടണം.
ശേഷം ഒരു ട്രേയില്‍ ആടിനെ ഇരുത്തണം. സാധാരണ ആട് ഇരിക്കുന്ന പോലെതന്നെ ഇരുത്തണം. ശേഷം ട്രേയില്‍ നിറയെ ചൂടുവെള്ളമൊഴിക്കണം. അലുമിനിയം ഫോയിൽ കൊണ്ട് ട്രേ പൊതിഞ്ഞ് നാലു മണിക്കൂര്‍ ഓവനില്‍ വെച്ച് വേവിക്കണം. വെന്തുകഴിഞ്ഞ് ഓവനിൽ നിന്നെടുക്കുമ്പോള്‍ ആട് നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ കളറായിട്ടുണ്ടാവും.
ആടിന്റെ വയറില്‍ നിറച്ചതിന്റെ ബാക്കി മിശ്രിതം പ്ലേറ്റില്‍ ഇട്ടശേഷം അതിന്റെ നടുവില്‍ വെന്ത ആടിനെ ഇരുത്തണം. മക്കറോണ, ബദാം, സുനോബര്, കശുവണ്ടിപ്പരിപ്പ് എന്നിവ നെയ്യില്‍ ഫ്രൈ ചെയ്ത് ആടിന്റെ മുകളിലൂടെ വിതറണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.