മനാമ: സൗദി അറേബ്യയും ബഹ്‌റൈനും തമ്മിൽ പുതിയൊരു കടൽമാർഗം ഉടൻ യാഥാർഥ്യമാവുന്നു. ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ച് പുതിയ പാസഞ്ചർ ബോട്ട് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് സൗദി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ജിദ്ദയിൽ നടന്ന രണ്ടാമത് മാരിടൈം ഇൻഡസ്ട്രീസ് സസ്റ്റൈനബിലിറ്റി കോൺഫറൻസിനിടെ ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കടൽ വഴിയുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. പുതിയ കടൽപാത ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തെ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖവുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്രാ, ചരക്ക് ഗതാഗതം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ കിങ് ഫഹദ് കോസ്‌വേ വഴിയാണ് ഇരു രാജ്യങ്ങളും പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്.
ഇതു കൂടാതെ, ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കിങ് ഹമദ് കോസ്‌വേ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഇത് ബഹ്‌റൈനും സൗദിയും തമ്മിലുള്ള ഗതാഗത മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.