മനാമ: വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് റീചാർജ് ചെയ്ത് പണം നഷ്ടപ്പെട്ട മലയാളിക്ക് മുഴുവൻ പണവും തിരികെ ലഭിച്ചു.
നിരന്തര പരിശ്രമവും ബഹ്റൈൻ അധികൃതരുടെ നീതിപൂർണമായ ഇടപെടലുമാണ് തനിക്ക് പണം തിരികെ ലഭിക്കാൻ കാരണമായതെന്നാണ് ബഹ്റൈൻ പ്രവാസിയും തൃശൂർ സ്വദേശിയുമായ വ്യക്തി പറയുന്നത്. കഴിഞ്ഞ ജൂലൈ 23നാണ് ഇദ്ദേഹം ബഹ്റൈനിലെ പ്രമുഖ ടെലികോം കമ്പനിയുടേതെന്ന് തെറ്റിദ്ധരിച്ച് ഒരു ലിങ്ക് വഴി മൊബൈൽ റീചാർജ് ചെയ്യാൻ ശ്രമിച്ചത്. കമ്പനിയുടെ പേര് ഗൂഗിളിൽ സെർച്ച് ചെയ്തശേഷം ലഭിക്കുന്ന ലിങ്ക് വഴി കമ്പനിയുടെ വെബ്സൈറ്റിൽ കയറിയാണ് റീചാർജ് ചെയ്തിരുന്നത്. എന്നാൽ, അവിടെ പ്രത്യക്ഷപ്പെട്ടിരുന്നത് വ്യാജ ലിങ്കായിരുന്നു. ഒറ്റ നോട്ടത്തിൽ ഒരു വ്യത്യാസവും തോന്നാത്ത കമ്പനിയുടെ ഒറിജിനൽ വെബ്സൈറ്റ് പോലെ തോന്നിപ്പിക്കുന്നതായിരുന്നു വ്യാജ ലിങ്കും വെബ്സൈറ്റും.
പണം നഷ്ടപ്പെട്ടശേഷം ഇദ്ദേഹം അധികം വൈകാതെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കേസ് രജിസ്റ്റർചെയ്തു. പിന്നീട് സൈബർ സെല്ലിലും ബാങ്കിലും ടെലികോം കമ്പനിയുടെ ഓഫിസിലും രേഖാമൂലം പരാതി നൽകി.
45 ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. അത് യാഥാർഥ്യമാവുകയായിരുന്നു.
പണം നഷ്ടപ്പെട്ട് കൃത്യം 41ാം ദിവസംതന്നെ മുഴുവൻ തുകയും തിരികെ ബാങ്ക് അക്കൗണ്ടിലെത്തി. പണം തിരികെ ലഭിച്ച സന്തോഷത്തിലാണ് പ്രവാസി. ഏകദേശം 400 ദീനാറോളം അദ്ദേഹത്തിന് നഷ്ടമായിരുന്നു. സമാന രീതിയിൽ നിരവധിപേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്.
അന്ന് ‘ഗൾഫ് മാധ്യമം’ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി വാർത്തയും ചെയ്തിരുന്നു.
പണം നഷ്ടമായ സമയത്ത് നിരവധിപേരാണ് എന്നെ നിരുത്സാഹപ്പെടുത്തിയത്. പലരും പണം ഇനി തിരികെ ലഭിക്കില്ലെന്ന് വരെ പറഞ്ഞു. എന്നാൽ ഞാൻ ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിക്കുകയായിരുന്നു. ബന്ധപ്പെട്ട എല്ലായിടത്തും നേരിട്ട് തന്നെ രേഖാമൂലം പരാതി നൽകി. ബാങ്ക് ഡീറ്റെയിൽസ്, സി.പി.ആർ, ടെലിഫോൺ നമ്പർ, നഷ്ടപ്പെട്ട പണത്തിന്റെ കണക്ക്, ലഭിച്ച വ്യാജ ഒ.ടി.പി, ലിങ്ക് എല്ലാം ചേർത്താണ് ഞാൻ കേസ് നൽകിയത്. മികച്ച സഹകരണമായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത്. അതിനാൽ ഞാൻ അവരെ പൂർണമായി വിശ്വസിക്കുകയും ചെയ്തു. അതുകൊണ്ട് എനിക്ക് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരികെ ലഭിച്ചു. ഇത്തരത്തിൽ പണം നഷ്ടമായവർ നിരുത്സാഹപ്പെടേണ്ട കാര്യമില്ല. എന്തെങ്കിലും തട്ടിപ്പിനിരയായാൽ ഇ-മെയിൽ വഴിമാത്രം കേസ് നൽകരുത്.
അതിന്റെ കൂടെ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക. ഉദ്യോഗസ്ഥരുടെ ഉപദേശം തേടുക, അതനുസരിച്ച് പ്രവർത്തിക്കുക. നഷ്ടപ്പെട്ട എല്ലാം തിരികെ ലഭിക്കുമെന്നോ നിശ്ചിത കാലയളവിൽ ലഭിക്കുമെന്നോ പ്രവചിക്കാൻ സാധിക്കില്ലെങ്കിലും നമ്മൾ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.