ബഹ്റൈനിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൽ വർഷംതോറും വർധനവ് വേണം; ആവശ്യവുമായി പാർലമെന്‍റിൽ പ്രമേയം

മനാമ: സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൽ വർഷംതോറും വർധനവ് വേണമെന്ന് ആവശ്യവുമായി പാർലമെന്‍റിൽ പ്രമേയം. കുറഞ്ഞത് 2.5 ശതമാനം വർധനവ് നിർബന്ധമാക്കുന്നതിനുള്ള ബില്ലാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബഹ്‌റൈൻ വിഷൻ 2030ന് അനുസൃതമായി സ്വകാര്യമേഖലയിലെ തൊഴിൽ കൂടുതൽ ആകർഷകമാക്കുക എന്നതാണ് ഈ ബില്ലിന്റെ പ്രധാന ലക്ഷ്യമെന്ന് എം.പി. ജലാൽ കാദം പറഞ്ഞു. 'ലേബർ ലോ ഇൻ ദി പ്രൈവറ്റ് സെക്ടർ, ലോ നമ്പർ 36 ഓഫ് 2012' എന്ന നിയമത്തിൽ ആർട്ടിക്കിൾ 37 ബിസ് (1) കൂട്ടിച്ചേർത്തുകൊണ്ടാണ് പുതിയ ഭേദഗതി. തുടർച്ചയായി രണ്ട് വർഷം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഈ ശമ്പള വർധനവിന് അർഹതയുണ്ടാവുക. ഈ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. അടിസ്ഥാന ശമ്പളത്തിന് മാത്രമാണ് ഈ വർധനവ് ബാധകമാവുക. ദിവസ വേതനക്കാർ, പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കുന്നവർ, ആറ് മാസത്തിൽ താഴെ കാലയളവിലേക്ക് താൽക്കാലികമായി ജോലി ചെയ്യുന്നവർ, പാർട്ട്-ടൈം തൊഴിലാളികൾ എന്നിവർക്ക് ഈ നിയമം ബാധകമല്ല.

വർഷങ്ങളായി സ്വകാര്യമേഖലയിലെ പല ജീവനക്കാരുടെയും ശമ്പളം മരവിപ്പിച്ച അവസ്ഥയിലാണെന്നും ഇത് കുടുംബ ബജറ്റിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും എം.പി. ജലാൽ കാദം ചൂണ്ടിക്കാട്ടി. ഈ ബിൽ നടപ്പിലാക്കുന്നതിലൂടെ ജീവനക്കാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ അവർക്ക് ഒരു ആശ്വാസം നൽകാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Bahrain's private sector employees need an annual increase in basic salaries; resolution in parliament demanding it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.