മനാമ: തൃശൂർ ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്ത് വി.എസിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ ദേശീയ കമ്മിറ്റി രംഗത്ത്. ആഭ്യന്തര വകുപ്പ് ഈ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഐ.വൈ.സി.സി ഭാരവാഹികൾ ആവശ്യപ്പെട്ടു. രണ്ടു വർഷം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വിവരാവകാശ നിയമം വഴി സുജിത്തിന് ലഭിച്ചിരുന്നു. ഇതിൽ, സുജിത്തിനെ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനകത്ത് വെച്ച് ക്രൂരമായി മർദിക്കുന്നത് വ്യക്തമാണ്. ഒരു ജനകീയ നേതാവിനോടുള്ള പൊലീസിന്റെ ഈ സമീപനം ജനാധിപത്യ സമൂഹത്തിന് തന്നെ അപമാനമാണെന്ന് ഐ.വൈ.സി.സി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ജനാധിപത്യപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കേണ്ട പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം അക്രമങ്ങളുണ്ടാകുന്നത് സാധാരണ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു. ഒരു പൊതുപ്രവർത്തകനോട് പോലും പൊലീസ് കാരണം കൂടാതെ ഇത്രയും ക്രൂരമായി പെരുമാറിയെങ്കിൽ, സാധാരണക്കാർക്ക് പൊലീസ് സ്റ്റേഷനുകളിൽ നീതി ലഭിക്കുമോ എന്നും സംഘടന ചോദിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആഭ്യന്തര മന്ത്രിയുടെയും, വകുപ്പിന്റെയും പരാജയമാണ്. ഈ നടപടി കേരള പൊലീസിന്റെ അന്തസ്സിന് തന്നെ കളങ്കം വരുത്തിയിരിക്കുന്നു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ നീതി ഉൾക്കൊണ്ടുകൊണ്ട് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ച് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് അവർ കൂട്ടിച്ചേർത്തു. സുജിത്തിന് പിന്തുണ വാഗ്ദാനം ചെയ്ത ഐ.വൈ.സി.സി ബഹ്റൈൻ, ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഈ വിഷയത്തിൽ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.