ഓണക്കാലം എന്നും ഓർമകളുടെ ഒരു പൂക്കാലമാണ്. അതിൽ ചില നൊമ്പരങ്ങളും ചില സന്തോഷങ്ങളും എല്ലാം ഒരു മഞ്ഞുതുള്ളിയായി വന്ന് ഒടുവിൽ ഒരു പേമാരിയായി പെയ്തൊഴിയുകയും ചെയ്യുന്നു. ഓണക്കാല ഓര്‍മയില്‍ ആദ്യം ഓടിയെത്തുന്ന മുഖം എന്റെ അച്ഛമ്മയുടേതാണ്. ചന്ദ്രക്കലയില്‍ ചുവന്ന കല്ല് പതിപ്പിച്ച ചുവന്ന മൂക്കുത്തിയും പിന്നെ വെറ്റിലക്കറ പുരണ്ട വാത്സല്യം നിറഞ്ഞ ചിരിയും ആണ് അച്ഛമ്മയുടെ പ്രത്യേകത. അച്ഛമ്മയുടെ ആ മൂക്കുത്തി കല്ല് എന്നെ എപ്പോഴും ആകര്‍ഷിച്ചിരുന്നത് ഒരുപക്ഷേ, ആ മൂക്കുത്തി കല്ലിന്റെ ഭംഗി ആസ്വദിച്ചിരുന്നതുകൊണ്ടാകണം. എന്റെ പ്രിയപ്പെട്ട നിറമായി മനസ്സിൽ ചുവപ്പ് സ്ഥാനം പിടിക്കാനുള്ള പ്രധാന കാരണവും ഇതുതന്നെ. ഓണത്തിന് പത്ത് ദിവസത്തെ അവധിയാണ് ആകെ കിട്ടുന്നത്. ഞങ്ങളുടെ അവധി അടുത്ത് വരുന്ന ദിവസങ്ങളിലാണ് അച്ഛമ്മ കൊച്ചു മക്കളെ എല്ലാം കാണാനായി വീട്ടിൽ വരുന്നതും. അച്ഛമ്മ വരുമെന്നറിഞ്ഞു കഴിഞ്ഞാല്‍ അന്നത്തെ ദിവസം ഞാന്‍ കളിക്കാന്‍ പോകാറില്ല. അച്ഛമ്മ വരുന്നതും കാത്ത് ഞാന്‍ വരാന്തയിലെ പടിയില്‍ ഇരിക്കുകയാണ് പതിവ്. രണ്ട് ദിവസമെങ്കിലും അച്ഛമ്മക്ക് ഒപ്പം അച്ഛന്റെ നാട്ടിലേക്ക് പോകാന്‍ ഞാനും തയാറെടുപ്പുകള്‍ നടത്തിവെക്കും. ആ നാട്ടിലും എന്റെ പ്രായത്തിലുള്ള കൂട്ടുകാരൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് അവിടേക്ക് പോകാന്‍ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. അച്ഛമ്മക്ക് മക്കള്‍ എട്ടുപേരാണ്. അതിൽ എന്റെ അച്ഛന് ആണ് ഏറ്റവും മൂത്തത്. അപ്പൂപ്പന് അച്ഛന്റെ കുട്ടിക്കാലത്തുതന്നെ മരിച്ചുപോയി. അപ്പൂപ്പനെക്കുറിച്ച് പറഞ്ഞുതരാനുഉള്ള ഓര്‍മകള്‍ അച്ഛനും ഉണ്ടായിട്ടില്ല.
അപ്പൂപ്പന്റെ മരണശേഷം അച്ഛമ്മ മക്കളെയെല്ലാം കഷ്ടപ്പെട്ടാണ് പഠിപ്പിച്ചതും വളർത്തി വലുതാക്കിയതും. മക്കളില്‍ അച്ഛന് മാത്രമാണ് സര്‍ക്കാര്‍ സര്‍വിസില്‍ ഉദ്യോഗം കിട്ടിയത്. അച്ഛമ്മയുടെ സ്നേഹവും വാത്സല്യവും അറിഞ്ഞ് വളര്‍ന്നതുകൊണ്ട് അച്ഛന് എപ്പോഴും അച്ഛമ്മക്ക് മുന്‍ഗണന കൊടുത്തിരുന്നു. ശമ്പളം കിട്ടിയാല്‍ ആദ്യം അച്ഛമ്മയുടെ പങ്ക് മാറ്റിവെച്ചുകഴിഞ്ഞ ശേഷമാണ് അമ്മക്ക് ചെലവിനു കാശ് കൊടുത്തിരുന്നത്. അതിൽ അമ്മക്ക് പരാതിയും പരിഭവവും ഒന്നും ഇല്ലായിരുന്നു. അച്ഛമ്മക്ക് അച്ഛന് കൊടുക്കുന്ന കാശ് മിച്ചംപിടിച്ചാണ് കൊച്ചു മക്കള്‍ക്കായി ഒാരോരോ സാധനങ്ങളും സമ്മാനവും ഒക്കെ കൊണ്ടുതന്നിരുന്നതും. ഓണം അവധി പ്രമാണിച്ച് അച്ഛമ്മ വരുമ്പോൾ കുറെ പഴങ്ങളും കൊണ്ടുവരും. അതില്‍ മിക്കതും വീട്ടില്‍ ഉണ്ടായത് ആയിരിക്കും. കുറച്ചു എണ്ണ പലഹാരങ്ങള്‍ അച്ഛമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയതും കൊണ്ടുവരും. പിന്നെ കുറച്ച് പച്ചമരുന്നുകള്‍ ചേര്ത്തുണ്ടാക്കിയെടുത്ത അവലൂസ് പൊടിയും. അത് അച്ഛന് വേണ്ടി പ്രത്യേകം തയാറാക്കി കൊണ്ടുവരുന്നതാണ്.
ഇതിനൊക്കെ പുറമേ കൊച്ചു മക്കള്‍ക്ക് എല്ലാ പേര്‍ക്കും കൊടുത്തു കഴിഞ്ഞാലും മുണ്ടിന്റെ അറ്റത്ത് ഒരു പൊതി ആരും കാണാതെ ഒളിച്ചുവെക്കും. ഞങ്ങൾ മക്കള്‍ മൂന്നുപേർ ആണെങ്കിലും കൂട്ടത്തില്‍ എന്നോട് ഒരിഷ്ടക്കൂടുതല്‍ ഉണ്ട്. അതുകൊണ്ടാവാം മറ്റാരും കാണാതെ ഒളിപ്പിച്ച നാരങ്ങ മിഠായി എനിക്ക് തന്നുകൊണ്ടിരുന്നത്. ഇന്ന് ആ വെറ്റിലക്കറ പുരണ്ട ചിരിയും ചുവന്ന മൂക്കുത്തി കല്ലും എനിക്ക് നഷ്ടമായി. പക്ഷേ, ഓര്‍മകളില്‍ ഇന്നും ആ ചുവന്ന മൂക്കുത്തി കല്ലിന്റെ ചാരുതനിറഞ്ഞ പുഞ്ചിരിയോടെ തെളിഞ്ഞുതന്നെ നില്‍ക്കുന്നുണ്ട്; ഓർമകളിൽ ഒരിക്കലും അസ്തമിക്കാത്ത ഒരു മധുര നൊമ്പരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.