മനാമ: മാലിന്യം ശരിയായ രീതിയിൽ മൂടാതെ കൊണ്ടുപോകുന്ന ട്രക്കുകൾക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി കാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി. നിയമലംഘനങ്ങൾ കണ്ടെത്താനും പിഴ ചുമത്താനും ലക്ഷ്യമിട്ടുള്ള കാമ്പയിൻ ആരംഭിച്ചതായി അതോറിറ്റി തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ അറിയിച്ചു. 2019ലെ പൊതു ശുചിത്വ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. നിയമത്തിലെ ആർട്ടിക്കിൾ 9 അനുസരിച്ച്, മാലിന്യം കൊണ്ടുപോകുന്ന ട്രക്കുകൾ നല്ലനിലയിൽ സൂക്ഷിക്കുകയും, യാത്രക്കിടയിൽ മാലിന്യം പുറത്തേക്ക് വീഴുകയോ ചോരുകയോ ചെയ്യാത്ത രീതിയിൽ ഭദ്രമായി മൂടുകയും വേണം.
മാലിന്യ ട്രക്കുകൾ ശരിയായ രീതിയിൽ മൂടാതെ പോകുന്നത് പൊതുജനാരോഗ്യത്തിനും റോഡ് സുരക്ഷക്കും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കാമ്പയിന്റെ ഭാഗമായി തലസ്ഥാന നഗരിയിലെ മാലിന്യ ട്രക്കുകളിൽ പതിവ് പരിശോധനകൾ നടത്തും. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. നഗരത്തിലെ ശുചിത്വം നിലനിർത്താനും മാലിന്യ സംസ്കരണ കരാറുകാർക്കിടയിൽ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് കാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി അറിയിച്ചു. തുറന്ന ട്രക്കുകൾ ശ്രദ്ധയിൽപെട്ടാൽ മുനിസിപ്പൽ ഹോട്ട്ലൈനുകളിൽ അറിയിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.