‘അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നലംഘനം’; ഖത്തർ ആക്രമണത്തെ അപലപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ഖത്തറിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇസ്രായേൽ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഗുരുതര ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ദുർബലപ്പെടുത്തുന്നതാണ് ഇസ്രായേൽ നടപടി.

ആക്രമണം തടയാൻ യു.എൻ രക്ഷാകൗൺസിൽ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണം. സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഉത്തരവാദിത്തം യു.എൻ ഏറ്റെടുക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. ഖത്തർ തങ്ങളുടെ സുരക്ഷ, സ്ഥിരത, പരമാധികാരം, പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികൾക്ക് കുവൈത്തിന്റെ പൂർണ്ണ പിന്തുണയും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഹമാസിന്‍റെ നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡൻഷ്യൽ ആസ്ഥാനം ലക്ഷ്യമിട്ടാണ് ഇസ്രായേൽ സ്ഫോടനം നടത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയിൽ ഗസ്സ വെടിനിർത്തൽ ചർച്ചകൾ ദോ​ഹയിൽ നടക്കുന്നതിനിടെയാണ് ഹമാസ് നേതാക്കൾക്ക് നേരെയുണ്ടായ ആക്രമണം. താമസക്കാരുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചതായും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേൽ ആക്രണത്തെ ഖത്തർ ശക്തമായി അപലപിച്ചു. കെട്ടിടങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ഭീരുത്വപരമായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. മേഖലയുടെ സുരക്ഷയെ നിരന്തരം ദുർബലപ്പെടുത്തുന്ന ഇസ്രായേലിന്റെ നിരുത്തരവാദപരവുമായ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മാജിദ് അൻസാരി എക്സിൽ പോസ്റ്റ് ചെയ്തു.

ഖത്തറിന്‍റെ സുരക്ഷയെയും പരമാധികാരത്തെയും ലക്ഷ്യമിട്ടുള്ള ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ല. ഉന്നത തലത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കുറ്റകൃത്യം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നയങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇത് ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം കുറിച്ചു.

സ്ഫോടന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഷിൻബെറ്റ് സെക്യൂരിറ്റി ഏജൻസിക്കൊപ്പം സംയുക്ത ആക്രമണം നടത്തിയെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) സ്ഥിരീകരിച്ചതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഏഴ് ആക്രമണത്തിന് ഉത്തരവാദികളായവരെ വകവരുത്തിയെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. അതേസമയം ദോഹയിൽ മധ്യസ്ഥ ചർച്ചകളിൽ പങ്കെടുക്കുന്നവരെ ഇസ്രായേൽ ലക്ഷ്യമിട്ടെന്നാണ് ഹമാസിന്‍റെ പ്രതികരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Kuwait condemns Israel attack on Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.