കുവൈത്ത് സിറ്റി: പള്ളികൾക്ക് മുന്നിലോ സ്കൂൾ പാർക്കിങ്ങിലോ പൊതുസ്ഥലങ്ങളിലോ വാഹനങ്ങൾ പാർക്കു ചെയ്യുന്നവർ ശ്രദ്ധിക്കുക. ദീർഘനാൾ ഇത്തരത്തിൽ വാഹനങ്ങൾ നിർത്തിയിട്ടുപോയാൽ അവ മുനിസിപ്പാലിറ്റി കണ്ടുകെട്ടും. പരിശോധനയിൽ ഇത്തരം വാഹനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മാറ്റാൻ ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ വാഹനത്തിൽ മുന്നറിയിപ്പ് സ്റ്റിക്കർ പതിപ്പിക്കും. 24 മുതൽ 48 മണിക്കൂർ വരെ ഇതിന് സമയം അനുവദിക്കും.
ഈ സമയപരിധിക്കുള്ളിൽ വാഹനം മാറ്റിയില്ലെങ്കിൽ വാഹനം കണ്ടുകെട്ടും. വാഹനങ്ങൾ മുനിസിപ്പാലിറ്റി യാർഡിലേക്ക് മാറ്റും. ഇത്തരം വാഹനങ്ങൾ തിരികെക്കിട്ടാൻ പിഴയും വാഹനം കൊണ്ടു പോയതിന്റെ ചെലവും വാഹനം സൂക്ഷിച്ച ദിനങ്ങൾക്ക് പിഴയും അടക്കണം.
വാഹനം തിരികെ ലഭിക്കാൻ ആദ്യം ട്രാഫിക് ഡിപ്പാർട്മെന്റിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ശേഷം എവിടെ നിന്നാണോ വാഹനം കണ്ടുകെട്ടിയത് ആ പ്രദേശത്തുള്ള മുനിസിപ്പാലിറ്റിയിൽ നിന്നും ബന്ധപ്പെട്ട പേപ്പർ വർക്കുകൾ ചെയ്യണം. ഇവിടെനിന്ന് ഒപ്പിട്ട് ലഭിക്കുന്ന രേഖകളുമായി മുനിസിപ്പാലിറ്റി ഹെഡ് ഓഫിസിൽ ചെന്ന് ഒപ്പ് വാങ്ങണം.
ശേഷം പൊതുയിടത്തിൽ വാഹനം പാർക്കുചെയ്തതിന് 100 ദീനാർ പിഴയും വാഹനം കൊണ്ടുപോയതിന്റെ ചെലവും വാഹനം സൂക്ഷിച്ച ഓരോ ദിവസത്തിനും ഒരു ദീനാർ വീതവും ഈ ഘട്ടത്തിൽ ഈടാക്കും. പിഴയടച്ചാൽ ക്ലിയറൻസ് സിർട്ടിഫിക്കറ്റ് ലഭിക്കും. ഇത് ടൈപ്പ് ചെയ്ത് മുനിസിപ്പാലിറ്റി ഹെഡ് ഓഫിസിൽനിന്ന് ഒപ്പുവെക്കണം. ഇത്രയും കഴിഞ്ഞാൽ വാഹനം തിരികെ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.