റഖ്യൂത്ത്-ധാൽകൂത്ത് തീരദേശപാത നിര്‍മാണത്തിന്
തുടക്കമായപ്പോൾ
സലാല: ദോഫാറിലെ റഖ്യൂത്ത്-ധാൽകൂത്ത് വിലായത്തുകളെ ബന്ധിപ്പിക്കുന്ന തീരദേശ പാതയുടെ നിര്‍മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
20 കിലോമീറ്റര്‍ പാതയാണ് ഒരുങ്ങുന്നത്. ഗവര്‍ണറേറ്റിലെ വിലായത്തുകള്‍ തമ്മിലുള്ള റോഡ് ശൃംഖല വികസിപ്പിക്കുന്നതിനും ലോജിസ്റ്റിക്കല്‍, ടൂറിസം ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതിയെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.
പ്രാദേശിക കമ്പനിയുമായി സഹകരിച്ച് നിര്‍മിക്കുന്ന പാതയുടെ വീതി 12 മീറ്ററാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ദുര്‍ഘടമായ പര്‍വത പ്രദേശങ്ങളിലൂടെയും റോഡ് കടന്നുപോകുന്നത്. പുതിയ പാത വരുന്നതോടെ രണ്ട് വിലായത്തുകള്ക്കിടയിലെ യാത്രാ ദൂരം 60 കിലോമീറ്ററില്‍നിന്ന് 20 കിലോമീറ്ററായി കുറയും.
ഏകദേശം 40 കിലോമീറ്റര്‍ യാത്ര കുറയുമെന്നും മന്ത്രാലയം വ്യക്തമാക്കി.ജലസ്രോതസ്സുകള്‍, വാദികള്‍, പുരാവസ്തു സ്ഥലങ്ങള്‍, ബീച്ചുകള്‍ എന്നിവയുള്‍പ്പെടെ പ്രമുഖ പ്രകൃതിദത്ത, വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഇത് മേഖലയിലെ വിനോദ സഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നതാണ്.
വിശേഷിച്ച് ഖരീഫ് കാലത്ത് റഖ്യൂത്ത്-ദല്‍ഖൂത്ത് പാത ഏറെ ഗുണം ചെയ്യുമെന്നും ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.