സലാല വിമാനത്താവളം

ഖരീഫ്; കോളടിച്ച് സലാല വിമാനത്താവളം

സലാല: ഖരീഫ് സീസണിൽ സലാല വിമാനത്താവളത്തിലെ യാത്രക്കാരുടെയും വിമാന സർവിസുകളുടെയും എണ്ണത്തിൽ വർധനവ്. ജൂൺ-21 മുതൽ ആഗസ്റ്റ് മൂന്ന് വരെയുള്ള കാലയളവിൽ യാത്രക്കാരുടെ എണ്ണം അഞ്ച് ശതമാനം വർധിച്ച് 288,110 ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 274,030 യാത്രക്കാരാണുണ്ടായിരുന്നത്.

വിമാന സർവിസുകൾ 16 ശതമാനം വർധിച്ച് മൊത്തം 1849 സർവിസുകൾ നടത്തിയെന്നും ഒമാൻ എയർപോർട്ട്‌സ് അറിയിച്ചു. 2024ൽ 1,592 വിമാന സർവിസുകളാണുണ്ടായിരുന്നത്. വിമാനങ്ങളുടെ എണ്ണത്തിലും 16 ശതമാനം വർധനവ് രേഖപ്പെടുത്തി. 2024ൽ 795 വിമാനങ്ങളാണുണ്ടായിരുന്നതെങ്കിൽ ഈ വർഷം 925 വിമാനങ്ങളെത്തി.

സലാല വിമാനത്താവളം

എത്തിച്ചേരുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഈ വർഷം മൂന്ന് ശതമാനം വർധനവാണുണ്ടായത്. 158,301 പേർ സലാലയിലെത്തി. കഴിഞ്ഞ വർഷം ഇത് 153,378 ആയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലും, വിമാനത്താവള ലോഞ്ചുകളുടെ ശേഷി വർധിപ്പിക്കുന്നതിലും വൈവിധ്യമാർന്ന ഹോസ്പിറ്റാലിറ്റി, വാണിജ്യ സേവനങ്ങൾ നൽകുന്നതിനുമായി ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് പ്രയോജനപ്പെടുത്തിയത്. ഇതുവഴി യാത്രക്കാർക്ക് സുഖകരമായ യാത്രാനുഭവം നൽകാൻ സാധിച്ചതായി ഒമാൻ എയർപോർട്ട്‌സ് അറിയിച്ചു.

യാത്രക്കാർക്ക് കാറുകളിലിരുന്ന് യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ‘ട്രാവൽ ഈസിയർ’ സംരംഭവും നടപ്പാക്കിയിരുന്നു. ഇത് സമയം ലാഭിക്കാനും സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സഹായിച്ചു. മനോഹരമായ കാലവസ്ഥയും മഴയുമൊക്കെ ആസ്വാദിക്കാൻ ദോഫാറിലേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും സഞ്ചാരികളെത്തുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് വ്യോമ ഗതാഗതത്തിലും യാത്രക്കാരുടെ എണ്ണത്തിലുമുള്ള വർധനവ്.

Tags:    
News Summary - Increase in passengers and flight services at Salalah Airport during the Kharif season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.