ഖരീഫ് സീസൺ ഒരുക്കിയ മാധ്യമ കവറേജ്
മസ്കത്ത്: ദോഫാറിലെ ഖരീഫ് സീസൺ ലോകത്തിന് പരിചപ്പെടുത്തുന്നതിനായി നടത്തിയ ‘ഖരീഫ് നൈറ്റ്സ്’ സമഗ്ര മാധ്യമ പരിപാടി സമാപിച്ചു. ഒമാന്‍ ടി.വിയുമായി ചേര്‍ന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് ഗവര്‍ണറേറ്റിന്റെ വിനോദ സഞ്ചാരം, സംസ്കാരം, പ്രകൃതി, പൈതൃകം എന്നിവ ഉയര്‍ത്തിക്കാണിക്കുകയും കൂടുതല്‍ പ്രചാരം നല്‍കുകയും ലക്ഷ്യമിട്ട് ലൈവ് സ്ട്രീം ഉള്‍പ്പെടെ സംഘടിപ്പിച്ചത്. ഒന്നര മാസത്തോളം നീണ്ട സംയോജിത കാമ്പയിന് ആഗസ്റ്റ് 31വരെ തുടര്‍ന്നു. സംവേദനാത്മക ഉള്ളടക്കവും തത്സമയ ഫീല്‍ഡ് കവറേജും ഉള്ള ദൃശ്യ, ശ്രാവ്യ, ഡിജിറ്റല്‍ പ്രചരണങ്ങളാണ് ഇക്കാലയളവില്‍ ഒരുക്കിയത്. ഗവര്‍ണറേറ്റിലെ വ്യത്യസ്ത ലൊക്കേഷനുകളില്‍ നിന്നാണ് സ്ട്രീമിങ് നടന്നത് എന്നതും ശ്രദ്ധേയമാണ്.
ദോഫാറിന്റെ പ്രകൃതിദൃശ്യങ്ങളും ടൂറിസം പരിപാടികളും പരിചയപ്പെടുത്തിയുള്ള പരിപാടിയില്‍ ഒമാനി, ജി.സി.സി മാധ്യമപ്രവര്‍ത്തകരും അറബ് പത്രപ്രവര്‍ത്തകരും ഭാഗമായി. സലാല അല്‍ സാദയിലുള്ള റിട്ടേണ്‍ ഓഫ് ദി പാസ്റ്റ് ഇവന്റ് സൈറ്റിൽനിന്ന് പ്രക്ഷേപണം ചെയ്ത ഖരീഫ് നൈറ്റ്സ് എന്ന പേരിലുള്ള സായാഹ്ന പരിപാടിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പൈതൃക, സാംസ്കാരിക, കലാപരിപാടികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതീര്‍ എന്ന പേരില്‍ റേഡിയോ പരിപാടി എല്ലാ ദിവസവും ഒരുക്കിയിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്, സമൂഹ മാധ്യമങ്ങള്‍, സ്മാര്‍ട്ട് ആപ്പുകള്‍ എന്നിവകള്‍ വഴി കവറേജ് ഉറപ്പുവരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.