ഒമാൻ മനുഷ്യാവകാശ കമീഷൻ ചെയർമാൻ ഡോ. റാഷിദ് ഹമദ് അൽ ബലൂഷി വാർത്ത
സമ്മേളനത്തിൽ
മസ്കത്ത്: ഒമാന്റെ ദേശീയ മനുഷ്യാവകാശ തന്ത്രം അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഡിസംബർ 10ന് പുറത്തിറക്കുമെന്ന് ഒമാൻ മനുഷ്യാവകാശ കമീഷൻ ചെയർമാൻ ഡോ. റാഷിദ് ഹമദ് അൽ ബലൂഷി അറിയിച്ചു. സുൽത്താനേറ്റിലെ മനുഷ്യാവകാശ സംരക്ഷണവും പ്രോത്സാഹനവും വർധിപ്പിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ളതാണ് ഈ തന്ത്രം.
രാജ്യത്തിന്റെ അടിസ്ഥാനനിയമം, ഒമാൻ അംഗീകരിച്ച അന്താരാഷ്ട്ര ചാർട്ടറുകൾ, കരാറുകൾ, ബാധകമായ നിയമങ്ങൾ എന്നിവയുമായി യോജിപ്പിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കമീഷന്റെ 2024ലെ വാർഷിക റിപ്പോർട്ട് അവലോകനം ചെയ്യുന്നതിനായി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഡോ. അൽ ബലൂഷി ഇക്കാര്യം അറിയിച്ചത്. രാജ്യത്തുടനീളമുള്ള മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലുമുള്ള കമീഷന്റെ ദേശീയ പങ്ക്, പ്രധാന നേട്ടങ്ങൾ, നിർദിഷ്ട ഉത്തരവുകൾ എന്നിവ വിശദീകരിച്ചു.
കഴിഞ്ഞവർഷം കമീഷൻ 1006 മനുഷ്യാവകാശ സംബന്ധമായ പ്രശ്നങ്ങളാണ് നിരീക്ഷിച്ചത്. ഇതിൽ 47 എണ്ണം ഔപചാരിക പരാതികളായിരുന്നു. അതേസമയം 937 കേസുകൾ വിവിധ വിഭാഗങ്ങളിലുള്ള അവകാശങ്ങൾക്കായി നിയമപരമായ പിന്തുണ നൽകുന്നവയായിരുന്നു. മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 2023 ലെ സ്ഥാനത്തെക്കാൾ 204ൽ 18 റാങ്ക് പുരോഗതി ഒമാൻ കൈവരിച്ചതായി ഡോ. അൽ ബലൂഷി അഭിപ്രായപ്പെട്ടു. കഴിഞ്ഞവർഷത്തെ വേൾഡ് പ്രസ് ഫ്രീഡം സൂചിക എടുത്തുകാണിച്ചാണ് ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.