മുഖ്യ പരിശീലകൻ കാർലോസ് ക്വിറോസ് വാർത്ത സമ്മേളനത്തിൽ
മസ്കത്ത്: ലോകകപ്പിന് യോഗ്യത നേടുക എന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന് ഒമാൻ ഫുട്ബാൾ ടീമിന്റെ മുഖ്യ പരിശീലകൻ കാർലോസ് ക്വിറോസ് വ്യക്തമാക്കി. കോച്ചായി ചുമതലയേറ്റതിനുശേഷം മസ്കത്തിൽ നടത്തിയ ആദ്യ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇത്തരമൊരു നാഴികക്കല്ല് കൈവരിക്കുന്നതിന് എല്ലാ പങ്കാളികളിൽനിന്നും കൂട്ടായ പ്രതിബദ്ധത ആവശ്യമാണ്.
ഇതൊരു പ്രധാനപ്പെട്ട ദൗത്യമാണെന്ന് എല്ലാവരും മനസ്സിലാക്കണം. കളിക്കാർ, ക്ലബ്ബുകൾ, മാനേജർമാർ, ഉദ്യോഗസ്ഥർ എന്നിങ്ങനെ എല്ലാവരുടെയും പരിശ്രമങ്ങൾ സംയോജിപ്പിക്കണം. ഒമാന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു അവസരമാണിത്. സ്വപ്നം സാക്ഷാത്കരിക്കാൻ നമ്മൾ ഇത് ഉപയോഗപ്പെടുത്തണം. നമുക്ക് സ്വയം കള്ളം പറയാൻ കഴിയില്ല. നമ്മൾ സ്വയം കള്ളം പറയുകയും വഞ്ചിക്കുകയും ചെയ്താൽ, നമുക്ക് വിജയം നേടാൻ കഴിയില്ല’ ക്വിറോസ് പറഞ്ഞു.
‘സത്യസന്ധത വളരെ പ്രധാനമാണ്, കളിക്കളത്തിൽ വിജയം നേടുന്നതിനുള്ള ബുദ്ധിപരമായ പ്രവർത്തനമാണ് ഇവിടെ നമ്മുടെ ലക്ഷ്യമെന്നും കോച്ച് പറഞ്ഞു. കാർലോസ് ക്വിറോസ്, ടീമിനെയും വ്യക്തിഗത കളിക്കാരെയും വിലയിരുത്തിത്തുടങ്ങിയിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന സെൻട്രൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ദേശീയ ടീമിന് തുർക്കിയിൽ പരിശീലന ക്യാമ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ലോകകപ്പ് യോഗ്യതക്കുള്ള റോഡ് മാപ്പ് ഒക്ടോബറിൽ പുറത്തിറക്കുമെന്ന് മുൻ റയൽ മാഡ്രിഡ് കോച്ചായ ക്വിറോസ് പറഞ്ഞു. ലോകകപ്പ് യോഗ്യതക്കുള്ള ഊർജ്ജവും വിഭവങ്ങളും സമാഹരിക്കുക എന്നതാണ് ഇപ്പോഴുള്ള മുൻഗണന. ഒക്ടോബറിനുശേഷം, ഒമാനി ഫുട്ബാളുമായി എങ്ങനെ മുന്നേറാമെന്നതിനെക്കുറിച്ചുള്ള പദ്ധതി അവതരിപ്പിക്കുമെന്നും കോച്ച് പറഞ്ഞു.
അതേസമയം, പുതിയ കോച്ചിന് കീഴിൽ പുത്തൻ കുതിപ്പിനൊരുങ്ങുകയാണ് ഒമാൻ. ആഭ്യന്തര പരിശീലന ക്യാമ്പിനുള്ള ടീമിനെ ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. പരിചയസമ്പന്നതക്കൊപ്പം പുതുമുഖങ്ങൾക്കും പ്രധാന്യം നൽകിയുള്ളതാണ് ടീം. പുതിയ ചുമതല ഏറ്റെടുത്തശേഷം കോച്ച് കാർലോസ് ക്വിറോസ് വിവിധ പ്രാദേശിക ക്ലബ് മത്സരങ്ങൾ കാണാൻ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. പരിശീലനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നവർക്ക് ദേശീയ ടീമിൽ ഇടം പിടിക്കാനാവും.
ലോകകപ്പ് യോഗ്യതയടക്കമുള്ള വമ്പൻ മത്സരങ്ങളാണ് ഇനി റെഡ് വാരിയേഴ്സിന് മുന്നിലുള്ളത്. സെൻട്രൽ ഏഷ്യൻ ഫുട്ബാൾ അസോസിയേഷൻ (കാഫ) സംഘടിപ്പിക്കുന്ന നാഷൻസ് കപ്പ് ടൂർണമെന്റാണ് ഇനിവരാനുള്ള പ്രധാന മത്സരം. തജീകിസ്താൻ, ഉസ്ബകിസ്താൻ എന്നിവിടങ്ങളിലായാണ് ടൂർണമെന്റ്. എട്ട് രാജ്യങ്ങൾ ഭാഗമാകുന്ന ടൂർണമെന്റിൽ ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി അണിനിരക്കും. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ എട്ട് വരെയാണ് നാഷൻസ് കപ്പ്.
ഗ്രൂപ് എയിൽ ശക്തർക്കൊപ്പമാണ് ഒമാൻ. ഉസ്ബകിസ്താൻ, കിർഗിസ്താൻ, തുർക്മെനിസ്താൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. തജീകിസ്താൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, മലേഷ്യ എന്നീ രാജ്യങ്ങൾ ഗ്രൂപ് ബിയിലും അണിനിരക്കും. ആഗസ്ത് 30ന് ഉസ്ബകിസ്താനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. തുടർന്ന് സെപ്റ്റംബർ രണ്ടിന് കിർഗിസ്താനെയും അഞ്ചിന് തുർക്മെനിസ്താനെയും നേരിടും. സെപ്റ്റംബർ എട്ടിനാണ് ഫൈനൽ പോരാട്ടങ്ങൾ. ഗ്രൂപ് എയിയും ബിയിലെയും ഒന്നാം സ്ഥാനക്കാർ തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടും. ഇരു ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനത്തിനായി കളത്തിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.