ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് ഓക്ഷൻ കമ്മിറ്റി പിടിച്ചെടുത്ത വാഹനങ്ങളുടെ ലേലം സെപ്റ്റംബർ 14 മുതൽ ആരംഭിക്കും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ലേലം ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 52ൽ വാഹനങ്ങൾ സൂക്ഷിക്കുന്ന യാർഡിൽവെച്ച് ദിവസവും വൈകീട്ട് 3.15 മുതൽ 6.30 വരെ നടക്കും. വാഹനങ്ങൾ പരിശോധിക്കുന്നതിനായി സെപ്റ്റംബർ 10, 11 തീയതികളിൽ രാവിലെ യാർഡ് സന്ദർശിക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് വാഹനങ്ങൾ പരിശോധിച്ച് അവയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി ലേലത്തിന്റെ എല്ലാ നിബന്ധനകളും അംഗീകരിക്കാൻ ബാധ്യസ്ഥനായിരിക്കും. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 3,000 ഖത്തർ റിയാൽ കാഷ് ഡെപ്പോസിറ്റായി അടച്ച് ലേലത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു ബിഡിങ് കാർഡ് നേടണം. ഓരോ ലേല ദിവസവും അവസാനം കാർഡ് തിരികെ നൽകുമ്പോൾ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കും. ലേലം അവസാനിക്കുന്നത് വരെ കാർഡ് കൈവശം വെക്കുകയും ഒന്നിലധികം ഇടപാടുകൾക്ക് ഉപയോഗിക്കുകയും ചെയ്യാം. ഒരു വാഹനത്തിന് ഡെപ്പോസിറ്റ് അടക്കുന്നതിൽ പരാജയപ്പെടുന്ന ഏതൊരു ലേലക്കാരന്റെയും ബിഡ്ഡിങ് കാർഡ് പിൻവലിക്കപ്പെടും. അത്തരം സന്ദർഭങ്ങളിൽ, കാർഡ് വിൽപനക്കുള്ള ഡൗൺ പേയ്മെന്റായി (ഡെപ്പോസിറ്റ്) ഇത് കണക്കാക്കും.വാഹനത്തിന്റെ വില 50,000 ഖത്തർ റിയാലിൽ കൂടുതലാണെങ്കിൽ കസ്റ്റമർ സർവിസ് കൗണ്ടറിലെ ഫിനാൻസ് ഓഫിസർ നൽകുന്ന നമ്പർ ഉപയോഗിച്ച് പൊലീസ് ട്രഷറി അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്യണം. ലേലം ഉറപ്പിച്ചുകഴിഞ്ഞാൽ വിൽപന മൂല്യത്തിന്റെ 20 ശതമാനം തുക ഡൗൺ പേയ്മെന്റായി നൽകണം. ബാക്കിയുള്ള തുക അന്നുതന്നെയോ അടുത്ത ദിവസമോ അടക്കാം. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി ലേലം ഉറപ്പിക്കുന്ന സമയത്ത് ഐ.ഡി കാർഡ് ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.