ദോഹ: ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച ശൂറ കൗൺസിൽ ഇത് വഞ്ചനാപരവും ഭീരുത്വപരവുമായ നടപടിയാണെന്ന് പ്രതികരിച്ചു. ഗസ്സ മുനമ്പിലും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലും രണ്ട് വർഷമായി നടത്തിവരുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കാത്തത്, ഇസ്രായേലിന് കൂടുതൽ ആക്രമണങ്ങൾ നടത്താൻ പ്രേരണയായെന്ന് ശൂറ കൗൺസിൽ യോഗം മുന്നറിയിപ്പ് നൽകി.
ഇത് ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷക്കു നേരെയുള്ള കടന്നുകയറ്റവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണെന്നും ശൂറ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ വീരമൃത്യു വരിച്ച ആഭ്യന്തര സുരക്ഷാ സേനാംഗത്തിനും മറ്റുള്ളവർക്കും കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. ദൈവം അവരുടെ ആത്മാവിന് ശാന്തി നൽകട്ടെ എന്നും കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നൽകട്ടെയെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ശൂറ കൗൺസിൽ വിശദമാക്കി.
ഭീകരാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. നിരപരാധികൾക്കുനേരെയുള്ള ക്രൂരമായ ആക്രമണത്തിന് ഉത്തരവാദിയായ ഇസ്രായേലിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹം, ഐക്യരാഷ്ട്രസഭ, മനുഷ്യാവകാശ സംഘടനകൾ, ലോകരാഷ്ട്രങ്ങൾ എന്നിവർ അവരുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ഖത്തറിൽ നടത്തിയ ആക്രമണത്തിനുശേഷം ഇസ്രായേൽ നടത്തിയ ഭീഷണിയെയും കൗൺസിൽ അപലപിച്ചു. ഇത് മിഡിൽ ഈസ്റ്റിനുമുള്ള സന്ദേശമാണെന്നായിരുന്നു ഇസ്രായേലിന്റെ പ്രതികരണം. അത്തരം ഭീഷണികൾക്ക് മറുപടിയായി ഇന്റർ-പാർലമെന്ററി യൂനിയനോടും പ്രാദേശിക പാർലമെന്ററി സംഘടനകളോടും ഇസ്രായേലിന്റെ സെനറ്റ് അംഗത്വം റദ്ദാക്കാനും കൗൺസിൽ ആവശ്യപ്പെട്ടു. ഫലസ്തീൻ വിഷയത്തിൽ രാജ്യത്തിന്റെ നിലപാടിനെയും, ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കുന്നതിനെയും ശൂറ കൗൺസിൽ വീണ്ടും അംഗീകരിച്ചു. ഗസ്സക്കും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾക്കും നേരെയുള്ള ഇസ്രായേലിന്റെ ക്രൂരമായ ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ രാജ്യത്തിന്റെ നിർണായക പങ്കിനെയും കൗൺസിൽ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.