ദോഹ: ഇസ്രായേൽ ഭീകരാക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഖത്തർ. തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി വ്യക്തമാക്കി. ദോഹയിൽ ചൊവ്വാഴ്ച രാത്രി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേൽ നടത്തിയത് ഭീകരാക്രമണം തന്നെയാണെന്ന് ഖത്തർ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മേഖലയിൽ കൂസലില്ലാതെ ഭീകരപ്രവർത്തനം നടത്തുന്നയാളാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവെന്ന് തുറന്നടിച്ച അദ്ദേഹം, മേഖലയിലെ സുരക്ഷയും സമാധാനവും തകർക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണിതെന്നും പറഞ്ഞു. ആക്രമണത്തിനുശേഷം അമീറിന്റെ നിർദേശപ്രകാരം സുരക്ഷാ സേനയും സിവിൽ ഡിഫൻസും ബന്ധപ്പെട്ട അധികാരികളും കർമനിരതയോടെ പ്രവർത്തിച്ചു. ആക്രമണത്തിൽ നാശനഷ്ടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്. പൊതുസുരക്ഷ ഉറപ്പാക്കാനും പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനും അടിയന്തരമായി നടപടികൾ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ചരിത്രം ഈ ആക്രമണത്തെ രേഖപ്പെടുത്തും. വഞ്ചനയെന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാനാകൂ. അന്താരാഷ്ട്ര നിയമങ്ങളെ മാത്രമല്ല, ധാർമികതയെയും ഇസ്രായേൽ കാറ്റിൽപ്പറത്തി. ഇസ്രായേലിനെതിരെ രാജ്യാന്തര തലത്തിൽ നിയമനടപടികൾക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ആക്രമണവിവരം മുൻകൂട്ടി അറിയിച്ചെന്ന അമേരിക്കൻ അവകാശവാദത്തെ ഖത്തർ പ്രധാനമന്ത്രി തള്ളി. സംഭവം കഴിഞ്ഞ് പത്തു മിനിറ്റിന് ശേഷമാണ് അമേരിക്ക വിവരം അറിയിച്ചത്. ആക്രമണത്തോട് സുരക്ഷാസേന കൃത്യമായ രീതിയിലാണ് പ്രതികരിച്ചത്. അത്യാഹിതങ്ങൾ അതിവേഗത്തിൽ കണ്ടെത്താനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ വാർത്തസമ്മേളനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ:
കർത്തവ്യ നിർവഹണത്തിനിടെ വീരമൃത്യു വരിച്ച ആഭ്യന്തര സുരക്ഷാ സേനയിലെ ലാൻസ് കോർപറൽ ബദർ സാദ് അൽ ദോസരിയുടെയും ജീവൻ നഷ്ടപ്പെട്ട മറ്റുള്ളവരുടെ കുടുംബങ്ങളുടെയും ദുഖത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. റഡാർ വഴി കണ്ടെത്താൻ കഴിയാത്ത ആയുധമാണ് ഇസ്രായേൽ ആക്രമണത്തിനായി ഉപയോഗിച്ചത്.
നെതന്യാഹു മേഖലയെ നന്നാക്കിയെടുക്കാൻ പറ്റാത്ത നിലയിലാക്കി. അന്താരാഷ്ട്ര നിയമങ്ങളെ മാത്രമല്ല, ധാർമികതയെയും ഇസ്രായേൽ കാറ്റിൽപ്പറത്തി. വഞ്ചനയെന്നു മാത്രമേ ആക്രമണത്തെ വിശേഷിപ്പിക്കാനാകൂ. കഴിഞ്ഞ ദിവസങ്ങളിൽ, അമേരിക്കയുടെ അഭ്യർഥന പ്രകാരം ചർച്ച നടന്നുകൊണ്ടിരിക്കുന്നതിനിടെയുള്ള ആക്രമണം സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും ഇസ്രായേൽ അട്ടിമറിക്കാൻ ശ്രമിച്ചു. ചരിത്രം ഈ ആക്രമണത്തെ രേഖപ്പെടുത്തും. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാനുള്ളതാണ്. ഇസ്രായേലിന്റെ നടപടികളെ അവഗണിക്കരുത്.
പ്രാദേശിക സുരക്ഷയെയും സുസ്ഥിരതയെയും തകർക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം. ഇതിനെതിരെ യോജിച്ചു നീങ്ങണം. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. നെതന്യാഹുവിന്റെ കാടത്തത്തിനെതിരെ ഒന്നിച്ചുനിന്ന മറുപടിയാണ് ഉണ്ടാകേണ്ടത്. വരും ദിവസങ്ങളിൽ ഞങ്ങൾ സ്വീകരിക്കുന്ന നടപടി പ്രഖ്യാപിക്കും.സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്നും സുരക്ഷാ സേന ആക്രമണത്തോട് കൃത്യമായി പ്രതികരിച്ചുവെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.