ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്ര സഭ, അറബ് ലീഗ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ആക്രമണത്തെ അപലപിച്ചും ഖത്തറിന് പിന്തുണയുമായും രംഗത്തെത്തി. ഹമാസിന്റെ നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡൻഷ്യൽ ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം നടത്തിയത്. ആക്രമണത്തെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ശക്തമായി അപലപിച്ച അറബ് ലീഗ് ഗസ്സക്കെതിരായ യുദ്ധം ആരംഭിച്ചതുമുതൽ ഈജിപ്തിനും അമേരിക്കക്കുമൊപ്പം വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാൻ ശ്രമങ്ങൾ നടത്തിയ ഖത്തർ, രാഷ്ട്രത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അറബ് ലീഗ് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
ഖത്തറിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച അറബ് ലീഗ്, രാഷ്ട്രത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന നടപടിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ദോഹ: ദോഹയിലെ ഇസ്രായേലിന്റെ ആക്രമണത്തിൽ ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒമാൻ. സംഭവത്തിൽ ശക്തമായി അപലപിച്ച ഒമാൻ, മേഖലയുടെ സ്ഥിരതക്ക് ഭീഷണിയാകുന്നതും സമാധാനത്തിലേക്കുള്ള പാതയെ ദുർബലപ്പെടുത്തുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം നടപടികൾ അന്താരാഷ്ട്ര കൺവെൻഷനുകൾ ലംഘിക്കുക മാത്രമല്ല, രാഷ്ട്രീയ കൊലപാതകങ്ങളുടെയും വഞ്ചനയുടെയും കുറ്റകൃത്യങ്ങളെ പ്രതിനിധീകരിക്കുന്നതാണെന്നും പറഞ്ഞു. ഖത്തറിന്റെ നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും പിന്തുണ അറിയിച്ച ഒമാൻ, രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള സ്ഥിരമായ നിലപാട് ആവർത്തിക്കുകയും ചെയ്തു.
മനാമ: ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ. ആക്രമണം ഖത്തറിന്റെ പരമാധികാരത്തിനും അന്താരാഷ്ട്ര നിയമങ്ങൾക്കുമെതിരായ നഗ്നമായ ലംഘനമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഖത്തറിന്റെ സുരക്ഷ, പരമാധികാരം, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
മേഖലയിലെ സമാധാനവും സുരക്ഷയും സംരക്ഷിക്കാൻ ഉടനടി നടപടി സ്വീകരിക്കണമെന്നും സംഘർഷങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
കുവൈത്ത് സിറ്റി: ഖത്തറിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്. ഇസ്രായേൽ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ ഭീഷണിയുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ദുർബലപ്പെടുത്തുന്നതാണ് ഇസ്രായേൽ നടപടി. ആക്രമണം തടയാൻ യു.എൻ രക്ഷാകൗൺസിൽ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണം.
സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഉത്തരവാദിത്വം യു.എൻ ഏറ്റെടുക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
ദുബൈ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യംവെച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എ.ഇ. ഖത്തറിന് സർവ പിന്തുണയും ഉറപ്പുനൽകുന്നതായി യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ എക്സിലൂടെ അറിയിച്ചു.
ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം ഭീരുത്വമാണ്. സഹോദര രാജ്യമായ ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള നഗ്നമായ ലംഘനമാണിതെന്നും അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭയുടെ നിർദേശങ്ങൾക്കും നേരെയുള്ള അപകടകരമായ നടപടിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
പ്രാദേശിക, അന്താരാഷ്ട്ര സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന നിരുത്തരവാദപരമായ സംഘർഷമാണ് ഇസ്രായേൽ നടപടി. ഖത്തറിലെ ജനങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ നടത്തുന്ന എല്ലാ നടപടികൾക്കും യു.എ.ഇയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി ഉറപ്പുനൽകി.
ഇസ്രായേൽ ആക്രമണം വഞ്ചനപരമായ നടപടിയാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് പറഞ്ഞു.
ഗൾഫ് നാടുകളുടെ സുരക്ഷ അവിഭാജ്യകരമാണെന്നും ഖത്തറിന് യു.എ.ഇ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.