ഇസ്രായേൽ ആക്രമണം; ദോഹയിൽ ജനജീവിതം സാധാരണനിലയിൽ

ദോഹ: ഖത്തറിലെ ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിൽ പുതിയ സംഭവവികാസങ്ങളിലേക്കും ഗസ്സയിലേയും മേഖലയിലെയും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കും നീങ്ങുകയാണ്. ഖത്തർ തലസ്ഥാനമായ ​ദോഹയിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഹമാസിന്‍റെ നേതാക്കൾ താമസിക്കുന്ന റെസിഡൻഷൽ ആസ്ഥാനം ലക്ഷ്യമിട്ട് സ്ഫോടനമുണ്ടായത്. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് ഇടങ്ങളിലൊന്നായ കതാറ കൾച്ചറൽ വില്ലേജിനു സമീപത്തായാണ് സംഭവം. വിവിധ രാജ്യങ്ങളുടെ വിവിധ എംബസികൾ, സ്കൂളുകൾ, കെട്ടിടങ്ങൾ എന്നിവ പ്രവർത്തിക്കുന്ന ഇടമാണിത്.

ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന, സിവിൽ ഡിഫൻസ്, ബന്ധപ്പെട്ട മറ്റ് വകുപ്പുകൾ എന്നിവ ഉടൻതന്നെ സംഭവസ്ഥലത്തെത്തി. സ്ഥിതിഗതികൾ നിയന്ത്രിക്കാനും താമസക്കാരുടെയും മേഖലയിലെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു.

അതേസമയം, രാജ്യത്തെ ജനജീവിതം സാധാരണനിലയിൽ തന്നെ തുടരുകയാണ്. രാജ്യത്തെ സർക്കാർ ഓഫിസുകളും സ്കൂളുകളും സ്വകാര്യ-പൊതു സ്ഥാപനങ്ങളും ബുധനാഴ്ച ദിവസം സാധാരണനിലയിൽ തുറന്നുപ്രവർത്തിച്ചു. പൊതുനിരത്തുകളിൽ വാഹനങ്ങളാലും ടൗണുകളിലും മാർക്കറ്റുകളിലും സാധാരണപോലെ ജനങ്ങളും തങ്ങളുടെ ജോലിയും ചുറ്റുപാടുകളുമായി ഇടപഴകി. ചൊവ്വാഴ്ച വൈകീട്ടും സാധാരണനിലയിൽ തന്നെയായിരുന്നു കാര്യങ്ങൾ.പൗരന്മാരും താമസക്കാരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ ആക്രമണം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് ഖത്തർ എയർവേസും അറിയിച്ചു. വ്യാജമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    
News Summary - Israeli attack; Life in Doha returns to normal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.