ദോഹ: പ്രവാസമണ്ണിൽ ഇത് കൊടുംചൂടിന്റെ കാലമാണ്. ഓരോ ദിനവും ചൂട് കൂടിവരുകയാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ 46 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില രേഖപ്പെടുത്തി. വരും ദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
വേനൽക്കാലത്തും അവധിക്കാല യാത്രകളിലും ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ ബോധവത്കരണ കാമ്പയിൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തുടരുകയാണ്. വേനൽക്കാലത്തും യാത്രാസമയങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിർദേശങ്ങൾ നൽകുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ പൗരന്മാരെയും താമസക്കാരെയും പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഉയർന്ന രക്തസമ്മർദം, ടൈപ്പ് 2 പ്രമേഹം, കാർഡിയോവസ്കുലാർ തുടങ്ങിയ രോഗങ്ങളിൽനിന്നുള്ള സംരക്ഷണവും അവരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കാമ്പയിനെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രമോഷൻ വിഭാഗം ഡയറക്ടർ ഡോ. സലാഹ് അബ്ദുല്ല അൽ യാഫി പറഞ്ഞു.
വേനൽക്കാലത്ത് തണലുള്ളതോ അടച്ചതോ ആയ സ്ഥലങ്ങളിൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനും ഈ കാമ്പയിനിൻ പ്രോത്സാഹിപ്പിക്കുന്നു. നേരിട്ട് സൂര്യപ്രകാശമേൽക്കുന്നതുമായി ബന്ധപ്പെട്ട അപകടങ്ങൾ തടയുന്നതിനും നീന്തൽക്കുളങ്ങളിലെ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും നിർദേശം നൽകുന്നു.
മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ആവശ്യമായ വാക്സിനേഷനുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യം, ആവശ്യത്തിന് മരുന്നുകളും കുറിപ്പുകളും കരുതേണ്ടത്, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയുൾപ്പെടെ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനുള്ള നിർദേശങ്ങളും കാമ്പയിനിലൂടെ പൗരന്മാരിലും താമസക്കാരിലും എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.