മദീനക്കും അൽഉലക്കും ഇടയിലുള്ള താഴ്വരയിൽ സ്ഥിതിചെയ്യുന്ന 'ഹാദിയ കോട്ട'
മദീന: മദീനയിൽ നിന്നും വടക്ക് 169 കിലോമീറ്റർ അകലെ മദീനക്കും അൽഉലക്കും ഇടയിൽ അൽതബഖ് താഴ്വരക്കും ഖൈബർ താഴ്വരക്കും ഇടയിലുള്ള ഉയർന്ന പ്രദേശത്ത് ചരിത്രശേഷിപ്പായി നിലനിൽക്കുന്ന ഹാദിയ കോട്ട ശ്രദ്ധേയമാകുന്നു. നൂറ്റാണ്ടുകളായി മക്കയിലേക്ക് യാത്ര ചെയ്യുന്ന തീർഥാടകരുടെയും വ്യാപാരികളുടെയും കഥ പറയുന്ന സമ്പന്നമായ ചരിത്ര പൈതൃകം ഈ കോട്ടക്കുണ്ട്. പഴയകാല ഹജ്ജ് റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാനമായ പോയന്റുകളിൽ ഒന്നായിരുന്നു ഹാദിയ കോട്ട.
മദീനക്കും അൽഉലക്കും ഇടയിലുള്ള താഴ്വരയിൽ സ്ഥിതിചെയ്യുന്ന 'ഹാദിയ കോട്ട'
ഇസ്ലാമിന് മുമ്പുള്ള കാലഘട്ടത്തിൽ തീർഥാടകർക്കുള്ള ഒരു വിശ്രമകേന്ദ്രമായി ഇത് ഉപയോഗിച്ചിരുന്നെന്നാണ് ചരിത്രം. പാത സുരക്ഷിതമാക്കുന്നതിലും മക്കയിലേക്ക് പോകുന്ന യാത്രാസംഘങ്ങൾക്ക് സുഖസൗകര്യങ്ങളും സാധനങ്ങളും നൽകുന്നതിലും കോട്ടയുടെ നേരിട്ടുള്ള പങ്ക് കണക്കിലെടുക്കുമ്പോൾ ഇത് ചരിത്ര പാതയിലെ ഒരു പ്രധാന ഗതാഗത കേന്ദ്രമായിരുന്നുവെന്ന് കാണാം. .യാത്രക്കാർക്ക് യഥേഷ്ടം വെള്ളം ശേഖരിക്കുന്നതിനായുള്ള ഒരു വലിയ കുളത്തിന് അഭിമുഖമായി തന്ത്രപ്രധാനമായ പ്രദേശത്താണ് കോട്ട നിർമിച്ചിരിക്കുന്നത്. അതിനാൽ കോട്ടയും പരിസരവും തീർഥാടകർക്ക് ഒരു പ്രധാന ജലസ്രോതസ്സായും അവർക്ക് വിഭവങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രമായും മാറി.
കോട്ടയുടെ മൂലകളിലായി നാല് പ്രതിരോധ ഗോപുരങ്ങൾ ഉണ്ടായിരുന്നു. അവയിൽ മൂന്നെണ്ണം ഇപ്പോഴും നിലനിൽക്കുന്നു. നാലാമത്തേത് കാലപ്പഴക്കത്താൽ തകർന്നുപോയി.മദീനയുമായുള്ള കോട്ടയുടെ സാമീപ്യത്തെയും അതിന്റെ നിർണായക സ്ഥാനത്തെയും സഞ്ചാരിയായ ഇബ്നു ബത്തൂത്ത ഹിജ്റ 726 ആം വർഷം തന്റെ യാത്രയിൽ പരാമർശിക്കുന്നുണ്ട്.
ചരിത്രകാരനും ഇസ്ലാമിക ചരിത്ര ഗവേഷകനുമായ ഡോ. ഫൗദ് അൽമഗാംസിയും പുരാതന കാലത്ത് തീർഥാടകർക്കും വ്യാപാര യാത്രക്കാർക്കും സൗകര്യപ്രദമായ സ്ഥാനം കാരണം ഹാദിയ കോട്ടയും പരിസര പ്രദേശവും ഒരു പ്രധാന വിശ്രമകേന്ദ്രമായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സൗദിയിൽ റെയിൽവേ ലൈൻ ആരംഭിച്ചതോടെ ഈ സ്ഥലത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചുവെന്നും സുപ്രധാന പാതയിലെ ഒരു പ്രധാന സ്റ്റേഷനായി 'ഹാദിയ' എന്ന ഔദ്യോഗിക സ്റ്റേഷൻ സ്ഥാപിതമായതായും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.