കൂടിക്കാഴ്ചക്ക് ശേഷം റഹീം സഹായ സമിതി അംഗങ്ങൾ ചാണ്ടി ഉമ്മൻ എം.എൽ.എക്കൊപ്പം
റിയാദ്: ഹ്രസ്വദിന സന്ദർശനാർഥം എത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എ റിയാദിൽ റഹീം സഹായ സമിതിയുമായി കൂടിക്കാഴ്ച നടത്തി. നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട പുരോഗതികൾ അദ്ദേഹം സമിതിയുമായി സംസാരിക്കുകയും കുടുംബവുമായുള്ള കരാറുകൾ പൂർത്തിയായാൽ സാധ്യമായ സഹായങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം സമിതിയോട് ആവശ്യപ്പെടുകയും ചെയ്തു. നിമിഷ പ്രിയയുടെ കുടുംബവുമായി ദിയ ധനം നൽകാനുള്ള കരാർ പൂർത്തിയായാൽ റഹീം മോചനത്തിനായി സമാഹരിച്ച തുകയുടെ ബാക്കി ട്രസ്റ്റ് നിയമാവലികൾ പാലിച്ചു കൈമാറാൻ തയാറാണെന്ന് റഹീം സഹായ സമിതി ചെയർമാൻ സി.പി. മുസ്തഫ എം.എൽ.എയെ അറിയിച്ചു.
അബ്ദുൽ റഹീം കേസിൽ സമാനതകളില്ലാത്ത ഐക്യമാണ് മലയാളി സമൂഹത്തിൽനിന്നുണ്ടായത്. അതിനായി നേതൃത്വം നൽകിയ റിയാദ് മലയാളി പൊതുസമൂഹത്തെ അഭിനന്ദിക്കുന്നതായും അതേ ഐക്യം നിമിഷപ്രിയ മോചന ദൗത്യത്തിലും ഉണ്ടാകണമെന്ന് എം.എൽ.എ അഭ്യർഥിച്ചു. ആര് സംസാരിച്ചു, ആര് ഇടപെട്ടു എന്ന അപ്രസക്ത ചർച്ചക്കപ്പുറം അന്യദേശത്തെ തടവറയിലുള്ള നമ്മുടെ സഹോദരിയെ എങ്ങനെ മോചിപ്പിച്ച് നാട്ടിലെത്തിക്കാം എന്നതിലാണ് ശ്രദ്ധയുണ്ടാകേണ്ടതെന്നും അനാവശ്യ ചർച്ചകളിൽനിന്ന് മാറിനിൽക്കാൻ സമിതി ഉൾപ്പെടെയുള്ള പ്രവാസി സമൂഹം നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മുനീബ് പാഴൂർ, കുഞ്ഞോയി കോടമ്പുഴ, മുഹിയുദ്ദീൻ ചേവായൂർ, നവാസ് വെള്ളിമാട് കുന്ന്, മീഡിയ കൺവീനർ നൗഫൽ പാലക്കാടൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും ചീഫ് കോഓഡിനേറ്റർ ഹസ്സൻ ഹർഷദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.