റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങൾ വേനൽക്കാല കാർഷികോൽപന്ന വിളപ്പെടുപ്പ് തുടരുകയാണ്. സമ്പന്നമായ ഒരു കാർഷിക സീസണിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതിലേറ്റവും മുൻപന്തിയിൽ തണ്ണിമത്തനാണ്. പൊതുവിപണികളിലെ ഏറ്റവും പ്രധാനപ്പെട്ട വേനൽക്കാല പഴങ്ങളിലൊന്നാണത്. ഇതിനകം രാജ്യത്തെ വാർഷിക തണ്ണിമത്തൻ ഉത്പാദനം 6,10,000 ടൺ കവിഞ്ഞതായാണ് കണക്ക്.
വിവിധ വിപണികളിൽ ലഭ്യമായ തണ്ണിമത്തൻ ഇനങ്ങൾ വൈവിധ്യപൂർണവും ഉയർന്ന ഗുണനിലവാരം കൊണ്ട് വ്യത്യസ്തമാണ്. ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങൾ ചാൾസ്റ്റൺ ഗ്രേ, ക്ലോണ്ടൈക്ക് ആർ സെവൻ, കോംഗോ, റോയൽ സ്വീറ്റ്, ക്രിംസൺ റൗണ്ട് എന്നിവ ആണ്. ജ്യൂസുകൾ, ഐസ്ക്രീം, മധുരപലഹാരങ്ങൾ തുടങ്ങിയ സംസ്കാരണ വ്യവസായങ്ങളുടെ നിർമാണത്തിന് തണ്ണിമത്തൻ സംഭാവന നൽകുന്നു.
തണ്ണിമത്തന്റെ സമൃദ്ധമായ ഉൽപ്പാദനം, വൈവിധ്യമാർന്ന ഇനങ്ങൾ, വൈവിധ്യമാർന്ന വ്യവസായങ്ങൾ എന്നിവ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും സീസണൽ വിളകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിനും സഹായിക്കുന്നു. കാർഷിക സുസ്ഥിരത കൈവരിക്കുന്നതിനും പ്രാദേശിക ഉൽപാദനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുമായി ഇത് പൊരുത്തപ്പെടുന്നു.
സാങ്കേതിക മാർഗനിർദേശം, സാമ്പത്തിക സൗകര്യങ്ങൾ, ആധുനിക കാർഷിക സാങ്കേതികവിദ്യകളുടെ പ്രയോഗം വിപുലീകരിക്കൽ എന്നിവയുൾപ്പെടെ എല്ലാ പിന്തുണയും സേവനങ്ങളും നൽകിക്കൊണ്ട് കർഷകരെ ശാക്തീകരിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളാണ് ഈ നേട്ടത്തിന്റെ പിന്നിലെന്ന് വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.