വി.എസ് ചരിത്രത്തിൽ മറയുന്നതോടെ ചരിത്രം രചിച്ച ആദ്യകാല ഇടതുപക്ഷ നേതാക്കളുടെ ശ്രേണിയിലെ അവസാന കണ്ണിയും അറ്റുപോകുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ ഒപ്പം ചേർന്ന് പൊരുതുകയും ആ ബോധ്യം ജനങ്ങൾക്ക് ഉണ്ടാകുകയും ചെയ്യുന്ന അനുഭവം അപൂർവം നേതാക്കൾക്ക് മാത്രമാണ് കിട്ടിയിട്ടുള്ളത്. പ്രതിപക്ഷ നേതാവായിരിക്കെ തന്നെ അത്തരം ബോധ്യത്തിൽ എത്രയോ തവണ വി.എസിന്റെ സ്ഥാനം കേരളത്തിൽ സ്ഥിരപ്പെട്ടതാണ്.
ഭരണാധികാരി ആയിരുന്നപ്പോൾ ഭരണകാര്യതീരുമാനങ്ങളിൽ ഇടപെട്ടുകൊണ്ട് ജനപക്ഷമാകുവാനും പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ജനകീയവിഷയങ്ങളിൽ ഒരു പോരാളി ആയിരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ പറഞ്ഞ് ജനങ്ങളിലേക്ക് ഇറങ്ങിയ വി.എസ് ഭരണത്തിൽ വീണ്ടും വരുന്നുവെന്ന പ്രതീതി കേരളത്തിൽ ഉയർത്തിയത് ഈ നാടിന് മറക്കുവാൻ കഴിയില്ല.
വോട്ടെണ്ണുമ്പോൾ 70:70 എന്ന സീറ്റ് തുല്യതയിൽ യു.ഡി.എഫുമായി കുറെനേരം തുല്യത പിടിച്ച എൽ.ഡി.എഫ് തുടർഭരണം എന്ന സാധ്യതയിലേക്ക് കേരളത്തിൽ വലിയ പ്രതീക്ഷയാണ് അന്ന് ഉയർത്തിയത്. എന്നാൽ തുച്ഛമായ വോട്ടുകൾക്ക് ചില സീറ്റുകൾ ‘കൈവിട്ടത്’ എൽ.ഡി.എഫിന് തുടർഭരണം ഇല്ലാതാക്കി. ചുരുക്കത്തിൽ അഞ്ചുവർഷത്തെ വി.എസ് സർക്കാരിന്റെ ഭരണത്തോടെ തന്നെ കേരളത്തിൽ യു.ഡി.എഫിന്റെ വിജയസാധ്യതകൾക്ക് വ്യക്തമായ മങ്ങലേറ്റുകഴിഞ്ഞിരുന്നു. കേരളത്തിൽ അഞ്ചുവർഷം കഴിയുമ്പോൾ ഭരണമാറ്റം എന്ന സാധ്യതക്കു മാറ്റം വന്നിരുന്നു. എന്നാൽ വിവാദകലുഷിതമായ ചില ഇടപെടലുകൾ കാരണമാണ് രണ്ടാം വി.എസ് സർക്കാർ വരാതെ പോയത് എന്ന ചർച്ച ഇന്നും കേരളത്തിന്റെ അന്തരീക്ഷത്തിൽ നിലവിലുണ്ട്.
ചുരുക്കത്തിൽ യു.ഡി.എഫ് കഷ്ടിച്ച് ഭരണത്തിലെത്തുകയും വേണ്ടത്ര ഭൂരിപക്ഷമില്ലാതെ പോയത് ഭരണത്തില്‍ വലിയ തലവേദനകൾ സൃഷ്ടിക്കുകയും ചെയ്തു. വേണ്ടത്ര ജനപിന്തുണയില്ലാത്ത അന്നത്തെ യു.ഡി.എഫ് സർക്കാർ സത്യത്തിൽ ജനങ്ങളിൽനിന്നും അകലുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയാണ് ആ സർക്കാരിനെ ജനകീയമാക്കി പിടിച്ചുനിർത്തിയത്. അന്ന് കോൺഗ്രസ്സിലെ തമ്മിലടിയും ഗ്രൂപ് രാഷ്ട്രീയവും ഭരണത്തെ പ്രതിസന്ധിയിലാക്കിയ പല സന്ദര്‍ഭങ്ങളും സംജാതമായി. അതിനിടെ സാമുദായിക സമവാക്യങ്ങളും പലവിധ മാനദണ്ഡങ്ങളില്‍ പ്രാതിനിധ്യവും പ്രശ്നങ്ങളായിക്കൊണ്ടേയിരുന്നു.
എൽ.ഡി.എഫിലും സ്ഥിതിഗതികൾ അത്ര സുഖകരമായിരുന്നില്ല. വി.എസ്, പിണറായി ചേരികൾ ഉയർത്തിയ അലയൊലികൾ മാധ്യമങ്ങൾക്ക് ചൂടുള്ള ചർച്ചക്ക് വിഷയങ്ങളായി മാറിക്കൊണ്ടേയിരുന്നു. ചുരുക്കത്തിൽ എൽ.ഡി.എഫിലും യു.ഡി.എഫിലും ജനകീയവിഷയങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന നിശ്ചയദാർഢ്യവും ത്യാഗസന്നദ്ധതയുമുള്ള ഒട്ടനവധി നേതാക്കൾ ഉണ്ടെങ്കിലും ജനങ്ങൾക്ക് നന്മ ചെയ്യുവാനുള്ള അവസരങ്ങൾക്ക് തടസ്സമാകുന്നത് ഗ്രൂപ് പോരും വിഭാഗീയതയുമാണ് എന്നത് ദുഃഖകരമാണ്.
യഥാർഥത്തിൽ കേരളത്തിലെ മിക്ക രാഷ്ട്രീയ പാർട്ടികളിലും നടക്കുന്ന വിഭാഗീയ പോര് ജനങ്ങളെപ്പോലും മറക്കുന്ന അവസ്ഥയിൽ എത്തുന്നത് കേരളത്തിന്റെ രാഷ്ട്രീയ ധാർമിക മൂല്യങ്ങൾക്കും സാമൂഹിക നന്മകൾക്കും വരുത്തുന്ന നഷ്ടം പിന്നീട് ആർക്കും നികത്തുവാൻ കഴിയുകയില്ല. ഈയൊരു പാഠം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഓര്‍ക്കുന്നത് തന്നെ വി.എസിനോടുള്ള ആദരവായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.