സന ശിഹാബ് പിയാനോ വായനയിൽ
ദമ്മാം: വിരൽത്തുമ്പുകൊണ്ട് പിയാനോയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന 10 വയസ്സുകാരി മലയാളി പെൺകുട്ടിക്ക് അറബ് ലോകത്തുമുണ്ട് ആരാധകർ. ദമ്മാമിൽ താമസിക്കുന്ന ആലപ്പുഴ ഇന്ദിരാ ജങ്ഷനിലെ ഷിഹാബ് മജീദിന്റെയും സിമി ശിഹാബിന്റെയും രണ്ടാമത്തെ മകൾ സന ശിഹാബാണ് ചെറുപ്രായത്തിൽ തന്നെ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. കുട്ടിക്കാലത്ത് ടാബിൽ പാട്ടുകൾ കീബോർഡിൽ പ്ലേ ചെയ്തുകാണിച്ചപ്പോൾ വീട്ടുകാർ അതത്ര കാര്യമാക്കിയില്ല. പല സമയങ്ങളിലും വീട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സന പല ശ്രമങ്ങളും നടത്തി.
എന്നാൽ, ഇത്തരമൊരു കഴിവിനെക്കുറിച്ച് വിദൂരത്ത് പോലും ചിന്തിക്കാത്ത വീട്ടുകാർ ഇതൊന്നും ശ്രദ്ധിച്ചതേയില്ല. തനിക്ക് പിയാനോ പഠിക്കണമെന്ന ആവശ്യം പലപ്രാവശ്യം ഉന്നയിച്ചിട്ടും വീട്ടുകാർ അത് കാര്യമായി ശ്രദ്ധിച്ചില്ല. ഇങ്ങനെയിരിക്കെയാണ് രണ്ടംക്ലാസിൽ പഠിക്കുമ്പോൾ കളിക്കാൻ വാങ്ങിക്കൊടുത്ത പിയാനോയിൽ മനോഹരമായി പാട്ടുകൾ തനിയെ വായിച്ച് കേൾപ്പിച്ചത്. അപ്പോഴാണ് ഇത് കളിയല്ല കാര്യമാണെന്ന് വീട്ടുകാർക് തിരിച്ചറിഞ്ഞത്. അതോടെ സനക്ക് എല്ലാ പിന്തുണയുമായി ഉമ്മ സിമി ഒപ്പം നിന്നു. അവർ നിർദേശിക്കുന്ന പാട്ടുകൾ മണിക്കൂറുകൾക്കം സന പിയാനോയിൽ വായിച്ചുകേൽപിക്കും. ഇതോടെ കർണാടിക് സംഗീതവും പിയാനോ വാദനവും പഠിപ്പിക്കാൻ രണ്ട് അധ്യാപകരെ ഏർപ്പെടുത്തി.
റോയി സർ പിയാനോ കോർട്സുകളും സംഗീത ടീച്ചർ കർണാടിക് സംഗീതവും സനയെ പഠിപ്പിച്ച് തുടങ്ങി. യൂട്യൂബ് സഹായത്തോടെ സന പുതിയ പുതിയ പാട്ടുകൾ പഠിച്ചുകൊണ്ടേയിരുന്നു. അതിനിടെ അറബ് ലോകത്തെ എക്കാലത്തേയും തരംഗമായ ‘തബ് തബ് വ ദല്ല’ എന്ന ലബനോനി ഗായിക നാൻസി അജ്റാമിന്റെ പാട്ട് പിയാനോയിൽ വായിച്ച് സന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഒരു ലക്ഷത്തിലധികം ആളുകൾ അതിനുതാഴെ അഭിപ്രായങ്ങൾ എഴുതി.
സുപ്രസിദ്ധ മൊറോക്കൻ ഗായകൻ ‘സാദ് ലംജറാദ്’ സനയെ അഭിനന്ദിച്ചത് ശ്രദ്ധേയമായി. സ്വന്തം അകൗണ്ടിൽ അദ്ദേഹം അത് പോസ്റ്റ് ചെയ്യുകയും ചെയ്തു. നിരവധി അറബ് ഗാനങ്ങൾ സന പിയാനോയിൽ പ്ലേ ചെയ്തു. അതിനെല്ലാം പിന്തുണയുമായി ഈ അറബ് ഗായകനുമെത്തി. ‘സന വിത് പിയാനോ’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് സാദ് ലംജറാദ് സനയെ അഭിനന്ദിച്ചത്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്ന് സന വായിച്ച പിയാനോ സംഗീതത്തിനും നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. മലയാളത്തിലെ പ്രശസ്ത ഗായകൻ അനൂപ് ശങ്കർ, തമിഴിലെ സാൻറി മാസ്റ്റർ എന്നിവരൊക്കെ നേരിൽ വിളിച്ച് സനയെ അഭിനന്ദിച്ചവരാണ്.
ദമ്മാമിലെ സാംസ്കാരികവേദികളിൽ സനയുടെ പ്രകടനം നിത്യകാഴ്ചയാണ്. സനയുടെ മൂത്ത സഹോദരി പ്ലസ്ടു വിദ്യാർഥി സിംറ ദമ്മാമിലെ അറിയപ്പെടുന്ന ഗായികയാണ്. സങ്കടം വന്നാലും സന്തോഷം വന്നാലും ഞാൻ പിയാനോ വായിക്കുമെന്നും അങ്ങനെ ചെയ്യുമ്പോൾ ചുറ്റുമുള്ളതെല്ലാം മറക്കുമെന്നും സന പറഞ്ഞു. ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ സന പഠനത്തിലും കായിക മേഖലയിലും നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.