എ.ആർ നഗർ പുകയൂരിലെ ഇഷാൻ ഷറഫ് കടലാസിലൊരുക്കിയ വിമാനത്താവളവും വിമാനങ്ങളും
വേങ്ങര: എ.ആർ നഗറിലെ എട്ടാം ക്ലാസുകാരനായ ഇഷാൻ ഷറഫിന് സ്വന്തമായുള്ളത് മൂന്ന് വിമാനത്താവളങ്ങളാണ്. കേവലം എ ഫോർ പേപ്പറുകളും പശയും ഉപയോഗിച്ച് ചെറുതും വലുതുമായ അമ്പതോളം വിമാനങ്ങളാണ് ഈ കൊച്ചുമിടുക്കനൊരുക്കിയിട്ടുള്ളത്. വീട്ടിലെ കിടപ്പുമുറി വിമാനത്താവളമാക്കി മാറ്റിയ ഇഷാൻ ഉറങ്ങുന്നതും ഇവിടെതന്നെ. രാത്രി വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ആവശ്യമായ ലൈറ്റിങ് സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
എ.ആർ നഗറിലെ വലിയ പറമ്പ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഇഷാൻ. ഇഷ്ടപ്പെട്ട ചിത്രങ്ങൾ മികവോടെ വരച്ച് പെയിന്റ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ രണ്ട് വർഷത്തോളമായി ചിത്രരചന മാറ്റി വെച്ച് വിമാന നിർമാണത്തിലാണ് മുഴുവൻ ശ്രദ്ധയുമെന്ന് മാതാവ് സമീറ പറയുന്നു. ഒഴിവു സമയം ഫോണിൽ കളിക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് മകന് കരകൗശലനിർമാണ മേഖലയിൽ പിന്തുണ നൽകിയതെന്നും ഇവർ പറയുന്നു.
ഇഷാൻ ഷറഫ്
യഥാർഥ വിമാനങ്ങളുടെ അതേ അനുപാതത്തിലാണ് ഇഷാൻ ഓരോ ഭാഗവും അളന്നു തിട്ടപ്പെടുത്തുന്നത്. യു ട്യൂബിന്റെ സഹായത്താലാണ് വിമാനത്തിന്റെ ബോഡി, ചിറക്, ടയർ എന്നിവയുടെ അളവുകൾ കണ്ടെത്തിയതെന്ന് പറയുന്നു. എയർപോർട്ടിനകത്തെ ബസ് ബേ, കാർഗോ ടെർമിനൽ, എയർ ട്രാഫിക് കൺട്രോൾ സിസ്റ്റം എന്നിവയെല്ലാം ഇഷാൻ കൃത്യമായി നിർമിച്ചുവെച്ചിട്ടുണ്ട്.
ഏതെങ്കിലും ഏവിയേഷൻ അക്കാദമിയിൽ ചേർന്ന് പൈലറ്റ് ലൈസൻസ് നേടണമെന്നതാണ് ഈ മിടുക്കന്റെ സ്വപ്നം. പക്ഷെ തന്റെ വിമാനങ്ങളും നിർമിതികളും ആരെയെങ്കിലും കാണിക്കാൻ താല്പര്യമില്ലാത്തതിനാൽ ഇഷാന്റെ കഴിവുകൾ അവന്റെ കൂട്ടുകാരോ സ്കൂൾ അധികൃതരോ അറിഞ്ഞില്ലെന്നതാണ് സത്യം. പുകയൂരിൽ ട്രാവൽസ് നടത്തുന്ന പ്രവാസിയായ പിതാവ് അരീക്കാടൻ അഷ്റഫിന്റെ കൂടി പിന്തുണയോടെയാണ് വിമാന നിർമാണം. അനിയൻ ഹംദി സെനിനും വിമാന നിർമാണത്തിലും ചിത്രകലയിലും കൂടെത്തന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.