ശ്രീലക്ഷ്മിയുടെ യോഗാഭ്യാസ പ്രകടനം
ദമ്മാം: യോഗ മുറകളിൽ വിസ്മയകരമായ പ്രകടനങ്ങളുമായി സൗദിയിൽ മലയാളി പെൺകുട്ടി. കിഴക്കൻ പ്രവിശ്യയിലെ കലാവേദികളിൽ അത്ഭുതപ്പെടുത്തുന്ന യോഗാഭ്യാസ പ്രകടനങ്ങളിലൂടെ ശ്രദ്ധേയയാവുകയാണ് ശ്രീലക്ഷ്മി മുരളീധരൻ എന്ന പതിമൂന്നുകാരി. അൽ ഖോബാറിൽ ബിസിനസ് നടത്തുന്ന പാലക്കാട് ചെർപ്പുളശ്ശേരി, ഊട്ടുകളം വീട്ടിൽ മുരളീധരന്റെയും ശ്രീജയുടെയും മകളും ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമാണ്.
യോഗയിൽ ആഴത്തിലുള്ള അറിവും പരിശീലനവും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുകയാണ് ഈ കൗമാരക്കാരി. അനായാസം ശരീരം ചലിപ്പിച്ചും വളച്ചും ശ്രീലക്ഷമി ചെയ്യുന്ന ആസനമുറകൾ സദസ്സ് വിസ്മയത്തോടെയാണ് കാണുന്നത്. ചെർപ്പുളശ്ശേരി ശബരി സെൻട്രൽ സ്കൂൾ വിദ്യാർഥിയായിരുന്ന ശ്രീലക്ഷ്മി ഈ അധ്യയന വർഷമാണ് സൗദിയിലേക്ക് വന്നത്.
ക്ലാസിക്കൽ സംഗീതത്തിലും ലളിതാഗനാലാപനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ ശ്രീലക്ഷ്മി കിഴക്കൻ പ്രവിശ്യയിലെ വേദികളെ അതിവേഗം കീഴടക്കുകയാണ്. എൽ.പി. സ്കൂളിൽ പഠിക്കുന്ന സമയത്ത് കാണാനിടയായ വിദ്യാർഥിനിയുടെ യോഗാഭ്യാസമാണ് ഇതിലേക്ക് ആകർഷിക്കുന്നത്.
അന്ന് ആ വേദിയിൽ ഇതുപോലെ ചെയ്യാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ എന്ന സംഘാടകരുടെ ചോദ്യം ശ്രീലക്ഷ്മി വെല്ലുവിളി പോലെ ഏറ്റെടുക്കുകയായിരുന്നു. നാലാംക്ലാസ് വിദ്യാർഥിനിയായിരുന്ന ശ്രീലക്ഷ്മി വേദിയിൽ കയറി ചെയ്യാൻ ശ്രമിച്ചപ്പോഴാണ് എളുപ്പമല്ലെന്ന് മനസിലായത്. എന്നിട്ടും സംഘാടകരും യോഗ പരിശീലകരും ശ്രീലക്ഷ്മിയുടെ ശ്രമത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ഇതോടെയാണ് തനിക്കും യോഗാഭ്യാസിയായി മാറണമെന്ന ചിന്തയുണ്ടായത്.
ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിജയത്തിലെത്തിക്കാൻ കഠിനമായി പരിശീലിക്കുകയെന്നത് ശ്രീലക്ഷ്മിയുടെ ശീലമാണ്. യൂട്യൂബ് വീഡിയോകൾ കണ്ടാണ് യോഗ പഠിച്ചത്. ചെറുപ്പം മുതൽ എസ്.എം.എ കരാട്ടേ അക്കാദമിയിൽ സുരേഷിന്റെ കീഴിലുള്ള കരാട്ടേ അഭ്യാസം യോഗയുടെ കഠിന ഭാഗങ്ങൾ എളുപ്പം മറികടക്കാൻ ശ്രീലക്ഷ്മിയെ സഹായിച്ചു. യോഗപഠനത്തിലൂടെ ഓർമശക്തിയും ഉത്സാഹവും എന്തും നേരിടാനുള്ള ആത്മവിശ്വാസവും കൈവന്നതായി ശ്രീലക്ഷ്മി പറഞ്ഞു.
കാണികളെ കൂടുതൽ കൗതുകപ്പെടുത്തുന്ന ആസനങ്ങളാണ് വേദിയിൽ അവതരിപ്പിക്കുന്നതെന്ന് ശ്രീലക്ഷ്മി പറഞ്ഞു. വൃഷ്ടികാസനം, സീർശ്വാസനം, മയൂരാസനം എന്നിവ ചെയ്യാൻ കുറച്ച് കഠിനമാണ്. ദമ്മാമിലെ നിരവധി വേദികളിൽ ഇതിനകം ശ്രീലക്ഷ്മി പ്രകടനം കാഴ്ചവെച്ചു. അച്ഛൻ മുരളിയും അമ്മ ശ്രീജയും എല്ലാ പിന്തുണയുമായി എപ്പോഴും ഒപ്പമുണ്ട്. ഏക സഹോദരൻ ചെന്നൈ ബി.ഐ.ടിയിൽ എൻജിനീയറിങ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.