എം.എൻ. ശ്രീ ഹരി
കേരളശ്ശേരി: സംഗീത ലോകത്ത് പെരുമയുടെ പൊൻ തൂവൽ ചൂടി വേദികൾ കീഴടക്കുകയാണ് കേരളശ്ശേരി ചാത്തൻ പറമ്പിൽ എൻ.എം. ശ്രീഹരി (16). കേരളശ്ശേരി ഹയർ സെക്കൻഡറി പ്ലസ് വൺ കോമേഴ്സ് വിദ്യാർഥിയായ ശ്രീഹരി വളരെ ചെറുപ്പത്തിൽ തന്നെ പാട്ട് പാടി തുടങ്ങി. ഹൈസ്കൂൾ തലത്തിൽ തുടർച്ചയായി മൂന്ന് വർഷം ലളിതഗാനാലാപനത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കലോത്സവങ്ങളിൽ സംസ്കൃത ഗാനാലാപനത്തിലും കഥകളിസംഗീതത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടി. ആന വരമ്പിലെ വേൾഡ് കപ്പ്, സ്റ്റേഷൻ ഫൈവ്, തുണ്ട്, പച്ചപ്പ് തേടി എന്നീ സിനിമകളിൽ പിന്നണി ഗായകനായി. ഗോപി സുന്ദർ സംഗീതം നൽകിയ സമയമേ... എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതും ശ്രീഹരി തന്നെ. സാമൂഹിക ശ്രദ്ധ പിടിച്ച് പറ്റിയ ഗാനങ്ങളിലൊന്നായിരുന്നു ഇത്.
ദൃശ്യമാധ്യമങ്ങളിലും ഉത്സവങ്ങളുൾപ്പെടെയുള്ള പൊതുവേദികളിലും ഗാനാലാപന രംഗത്ത് തിരക്കേറിയ കലാപ്രതിഭയാണ് ഈ വിദ്യാർഥി. മത്സരവേദികളിൽ ലളിതഗാനമാണ് ഇഷ്ടമെങ്കിൽ പൊതുവേദികളിൽ പ്രേക്ഷകരുടെ താത്പര്യം പരിഗണിച്ച് സിനിമ പാട്ടും ക്ലാസിക്കൽ ഗാനങ്ങളും ആലപിക്കുമെന്ന് ശ്രീഹരി പറയുന്നു.
തുടക്കത്തിൽ സംഗീതാധ്യാപിക മഞ്ജുവും പിന്നീട് ചെമ്പൈ സംഗീത കോളജിലെ മുൻ അധ്യാപിക സിന്ധുവിന്റെയും ശിക്ഷണത്തിലാണ് പാട്ട് പഠിച്ചത്. മൂന്നര വയസിൽ തന്നെ സഹോദരൻ പാടുന്നത് കേട്ടാണ് പാട്ടിനോട് പ്രിയം കൂടിയത്. വാദ്യകലാകാരനായ മണികണ്ഠന്റെയും പ്രീ-പ്രൈമറി ടീച്ചർ ശോഭനകുമാരിയുടെയും മകനാണ്. സഹോദരൻ ശ്രീറാം കേരള കലാമണ്ഡലത്തിൽ എം.എ. കഥകളിസംഗീതം വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.