സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, യുക്രെയ്ൻ പ്രസിഡന്റിന്റെ
ഓഫിസ് ഡയറക്ടർ ആൻഡ്രി യെർമാക്ക്
റിയാദ്: സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് ഡയറക്ടർ ആൻഡ്രി യെർമാക്കും ബുധനാഴ്ച റിയാദിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദ, ഉഭയകക്ഷി ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു.
യുക്രെയ്ൻ പ്രതിസന്ധിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനും പ്രതിസന്ധി പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങളും അവർ ചർച്ച ചെയ്തു. പൊതു താൽപര്യമുള്ള നിരവധി വിഷയങ്ങളും ചർച്ചകളിൽ ഉയർന്നുവന്നു. യോഗത്തിൽ പ്രതിരോധ സഹമന്ത്രിയും കാബിനറ്റ് അംഗവും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസൈദ് അൽഐബാൻ, ജനറൽ സ്റ്റാഫ് മേധാവി ജനറൽ ഫയാദ് അൽറുവൈലി, എക്സിക്യൂട്ടിവ് കാര്യങ്ങളുടെ പ്രതിരോധ അസിസ്റ്റന്റ് മന്ത്രി ഡോ. ഖാലിദ് അൽബയാരി, ഇന്റലിജൻസ് കാര്യങ്ങളിലുള്ള പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവ് ഹിഷാം ബിൻ അബ്ദുൽ അസീസ് ബിൻ സെയ്ഫ് എന്നിവർ പങ്കെടുത്തു.
യുക്രെയ്ൻ ഭാഗത്തുനിന്ന് ദേശീയ സുരക്ഷ, പ്രതിരോധ കൗൺസിൽ സെക്രട്ടറി റുസ്റ്റം ഉമെറോവ്, ദേശീയ സുരക്ഷ, പ്രതിരോധ കൗൺസിൽ സെക്രട്ടറിയുടെ ഉപദേഷ്ടാവ് കേണൽ അലി ബാകിറോവ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.