യാത്രാദുരിതം; അബൂദബി-തിരുവനന്തപുരം വിമാനം വൈകുന്നു

അബൂദബി: വെള്ളിയാഴ്ച വൈകുന്നേരം 5.20ന് അബൂദബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയർഇന്ത്യ എക്സ്പ്രസിന്‍റെ ഐ.എക്സ് 524 നമ്പർ വിമാനം വൈകുന്നു. ഉച്ചയോടെ യാത്രക്കാർക്ക് വിമാനം വൈകുമെന്നും വൈകീട്ട് 7.10ന് മാത്രമേ പുറപ്പെടാനാകൂ എന്നും അറിയിപ്പ് ലഭിച്ചിരുന്നു. തുടർന്ന് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം 6.45ഓടെ വിമാനത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാൽ വിമാനത്തിന് പറക്കാൻ സാധിക്കാതെ വരികയായിരുന്നു. വിമാനം യാത്രക്ക് യോജിച്ച അവസ്ഥയിലല്ലെന്ന് പൈലറ്റ് വിലയിരുത്തുകയായിരുന്നുവെന്ന് യാത്രക്കാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ എന്താണ് യഥാർഥ കാരണമെന്ന് ജീവനക്കാർ വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ എ.സി പ്രവർത്തിക്കാത്ത അവസ്ഥയിൽ മണിക്കൂറുകൾ യാത്രക്കാർ വിമാനത്തിൽ കുടുങ്ങി. മൂന്നര മണിക്കൂറിന് ശേഷം രാത്രി 10.15ഓടെയാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിയതെന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ ഏറെ പ്രയാസത്തിലായെന്നും യാത്രക്കാരനായ നൗഫൽ പറഞ്ഞു. രാത്രിയിൽ മുഴുവൻ യാത്രക്കാരെയും ഭക്ഷണം നൽകിയ ശേഷം ഹോട്ടലിലേക്ക് മാറ്റാമെന്നാണ് അറിയിച്ചിട്ടുള്ളത്. വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ അധികൃതർ കൃത്യമായ വിശദീകരണം നൽകിയിട്ടില്ലെന്നും ഇവർ അറിയിച്ചു.

അടിയന്തിര ആവശ്യങ്ങൾക്ക് നാട്ടിലെത്തേണ്ടവരടക്കം വിമാനത്തിലുണ്ടെന്നും വിമാനത്തിൽ മുഴുവൻ യാത്രക്കാരുണ്ടായിരുന്നുവെന്നും ഇവരെല്ലാം വലിയ ആശങ്കയിലാണെന്നും നൗഫൽ പറഞ്ഞു. അവസാന വിവരം ലഭിക്കുമ്പോഴും വിമാനം പുറപ്പെട്ടിട്ടില്ല. സംഭവത്തിൽ എയർഇന്ത്യ എക്സ്പ്രസിന്‍റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

ദിവസങ്ങൾക്ക് മുമ്പ് ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട വിമാനവും സമാനമായ രീതിയിൽ വൈകിയിരുന്നു. മണിക്കൂറുകൾ വിയർത്തൊലിച്ച് യാത്രക്കാർ വിമാനത്തിനകത്ത് തുടരേണ്ട അവസ്ഥയുമുണ്ടായി. രാവിലെ ഒമ്പതിന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പിന്നീട് പിറ്റേന്ന് രാവിലെയാണ് പുറപ്പെട്ടത്. എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ തുടർച്ചയായി യാത്രക്കാരെ വലക്കുന്നതിൽ പരാതി ശക്തമാണ്.

Tags:    
News Summary - Abu Dhabi-Thiruvananthapuram flight delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.