ദുബൈ: കടുത്ത വേനൽചൂടിന്‍റെ പശ്ചാത്തലത്തിൽ വ്യായാമത്തിന് നഗരത്തിലെ മാളുകൾ ഉപയോഗപ്പെടുത്താനുള്ള സംരംഭം പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ‘ദുബൈ മാളത്തൺ’ എന്നുപേരിട്ട സംരംഭത്തിലൂടെ നഗരത്തിലെ വിവിധ മാളുകൾ ആഗസ്റ്റ് മാസത്തിൽ രാവിലെ ഏഴു മുതൽ പത്തുവരെ വ്യായാമത്തിന് വേദിയാകും. ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ, സ്പ്രിങ്സ് സൂഖ്, സിറ്റി സെന്‍റർ ദേര, സിറ്റി സെന്‍റർ മിർദിഫ്, മാൾ ഓഫ് എമിറേറ്റ്സ്, ദുദൈ മറീന മാൾ എന്നിവ സംരംഭത്തിന്‍റെ ഭാഗമാകും.
മാളത്തണിലൂടെ ദുബൈയിലെ ഏറെ പരിചിതമായ ഇടങ്ങളെ വ്യായാമത്തിനും ബന്ധങ്ങൾക്കും മികച്ച ശീലങ്ങൾക്കും യോജിച്ചതാക്കി മാറ്റുകയാണെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ദുബൈയിലെ എല്ലാവരും സജീവമായും ഊർജസ്വലതയോടെയും തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. വികസന പദ്ധതികളുടെ ഹൃദയഭാഗത്ത് ജനങ്ങളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തുന്ന നിലപാടിനെയാണ് ഇത് അടയാളപ്പെടുത്തുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. മാളത്തണിൽ പങ്കെടുക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത അദ്ദേഹം ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുന്നതിനും സമൂഹവുമായി ഇടപഴകുന്നതിനുമുള്ള ഒരു മാർഗമാണിതെന്ന് പറഞ്ഞു.
പ്രതിരോധ മന്ത്രാലയം ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്തുന്ന സംരംഭം, യുവാക്കൾ, മുതിർന്ന പൗരന്മാർ, താമസക്കാർ, കുട്ടികൾ, ഷോപ്പിങ് മാൾ ജീവനക്കാർ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യം വെച്ചുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി. യു.എ.ഇയുടെ സാമൂഹിക വർഷാചരണത്തിന്റെയും ദുബൈ സോഷ്യൽ അജണ്ട 33, ദുബൈ ജീവിത നിലവാര നയം 33 എന്നിവയുടെയും ലക്ഷ്യങ്ങളുമായി ചേർന്നാണ് സംരംഭം നടപ്പിലാക്കുന്നത്. ശൈഖ് ഹംദാന്‍റെ ആഹ്വാനത്തിൽ എല്ലാ വർഷവും ശൈത്യകാലത്ത് ദുബൈയിൽ നടന്നുവരുന്ന ദുബൈ ഫിറ്റ്നസ് ചാലഞ്ചിൽ ലക്ഷക്കണക്കിന് താമസക്കാരാണ് പങ്കെടുക്കാറുള്ളത്.
ദുബൈ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി എമിറേറ്റിലെ മാളുകളുമായി സഹകരിച്ച് ‘വാക്ക് ഫോർ ബെറ്റർ ഹെൽത്ത്’ പരിപാടിയും സംരംഭത്തിന്റെ ഭാഗമായി ഒരുക്കും. മാളത്തോണിൽ പങ്കെടുക്കുന്നത് സൗജന്യമാണ്. www.dubaimallathon.ae എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.