ഷാർജ: ഷാർജ അൽ നഹ്ദയിൽ ആത്മഹത്യ ചെയ്ത കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കും. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ മധ്യസ്ഥതയിൽ ബുധനാഴ്ച ഭർത്താവ് നിതീഷും വിപഞ്ചികയുടെ കുടുംബവും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം. വിപഞ്ചികയുടെ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. എന്നാൽ, മകളുടെ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് നിതീഷ് നിലപാടെടുത്തതോടെയാണ് സംസ്കാരം ഷാർജയിൽ തന്നെ നടത്താൻ ധാരണയായതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഷാർജ ഇൻഡസ്ട്രിയൽ ഏരിയ ആറിൽ വൈഭവിയുടെ മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ നിതീഷും ബന്ധുക്കളും നടത്തിയിരുന്നെങ്കിലും വിപഞ്ചികയുടെ മാതാവ് ഷൈലജ ദുബൈ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിക്കുകയായിരുന്നു. മകളുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ നാട്ടിൽ സംസ്കരിക്കാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. തുടർന്ന് ഇരുവരെയും കോൺസുലേറ്റിലേക്ക് വിളിപ്പിച്ച് ചർച്ച നടത്തുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ വൈഭവിയുടെ സംസ്കാരം താൽകാലികമായി മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച വീണ്ടും ഇരുകൂട്ടരേയും കോൺസുലേറ്റ് വിളിച്ചുവരുത്തി ചർച്ച നടത്തിയെങ്കിലും നിതീഷ് നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. അതേസമയം, രണ്ട് പേരുടെയും മൃതദേഹങ്ങൾ എപ്പോൾ സംസ്കരിക്കുമെന്ന് വ്യക്തതയില്ല.
ഈ മാസം എട്ടിനാണ് അൽ നഹ്ദയിലെ ഫ്ലാറ്റിൽ വിപഞ്ചിക ആത്മഹത്യ ചെയ്തത്. മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഭർത്താവിൽ നിന്ന് അകന്നു കഴിഞ്ഞിരുന്ന വിപഞ്ചിക വിവാഹമോചന നോട്ടിസ് ലഭിച്ചതിനെ പിന്നാലെ ആത്മഹത്യ ചെയ്തത്. ഭർതൃപീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന് കാണിച്ച് വിപഞ്ചികയുടെ മാതാവ് കുടുംബവും നാട്ടിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.