ആരോഗ്യകാര്യങ്ങളിൽ പുതിയ കാലത്ത് ആളുകൾ ഏറെ ശ്രദ്ധാലുക്കളാണ്. ജീവിതശൈലീ രോഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പ്രത്യേകിച്ചും. ആരോഗ്യം നിലനിർത്തുന്നതിനായി ഫിസിക്കൽ ഫിറ്റ്നസ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് യുവാക്കളിലേറെയും. ഇന്ന് ജിമ്മുകളിലും മറ്റ് ട്രെയിനിങ് കേന്ദ്രങ്ങളിലും വൻതോതിൽ യുവാക്കളെത്തുന്നുണ്ട്. എന്നാൽ, മസിൽ ഉണ്ടാക്കിയെടുക്കാൻ പ്രോട്ടീൻ സപ്ലിമെന്‍റുകൾ ഒഴിച്ചുകൂടാനാവാത്തതാണ് എന്നൊരു ധാരണ പൊതുവിൽ വളർന്നുവന്നിട്ടുണ്ട്. ജിമ്മുകളിൽ പോയാലും ഇന്‍റർനെറ്റിൽ ഫിസിക്കൽ ഫിറ്റ്നെസുമായി ബന്ധപ്പെട്ട് സെർച് ചെയ്താലും കാണാൻ കഴിയുക പ്രോട്ടീൻ സപ്ലിമെന്‍റുകളുടെ പ്രചാരണങ്ങൾ കൂടിയാണ്. യഥാർഥത്തിൽ പ്രോട്ടീൻ സപ്ലിമെന്‍റ് കഴിക്കാതെ ഒരാൾക്ക് മസിലുണ്ടാക്കാൻ കഴിയില്ലേ?
ദിവസവും ശരീരത്തിന് ആവശ്യമായ പ്രോട്ടീനാണ് നമ്മൾ ഭക്ഷണത്തിലൂടെ നൽകേണ്ടത്. സാധാരണഗതിയിൽ പ്രതിദിനം ഒരു കിലോ ശരീരഭാരത്തിന് 0.83 മുതൽ 1.0 ഗ്രാം വരെയാണ് പ്രോട്ടീൻ ആവശ്യം. നിങ്ങൾ സ്ഥിരമായി വർക്കൗട്ട് ചെയ്യുന്ന ആളാണെങ്കിലും, ഏറെ നേരം റെസിസ്റ്റൻസ് ട്രെയിനിങ് ചെയ്യുന്നയാളാണെങ്കിലും നിങ്ങൾക്ക് സാധാരണക്കാരേക്കാൾ കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. വിദഗ്ധർ പറയുന്നത്, ആക്ടീവായിരിക്കുന്ന ഒരാൾക്ക് മസിൽ നിർമാണത്തിന് ശരീരഭാരത്തിന്‍റെ ഓരോ കിലോഗ്രാമിനും 1.4 ഗ്രാം മുതൽ 2 ഗ്രാം എന്ന തോതിലാണ് പ്രോട്ടീൻ ദിവസവും ആവശ്യമെന്നാണ്. നിങ്ങളുടെ വ്യായാമ ലക്ഷ്യങ്ങൾക്കനുസരിച്ച് ഇതിൽ വർധനവുണ്ടാകും.
ഇത്രയും പ്രോട്ടീൻ ലഭിക്കാൻ പ്രോട്ടീൻ ഷേക്കുകളും പൗഡറുകളും പോലെയുള്ള പ്രോട്ടീൻ സപ്ലിമെന്‍റുകൾ കഴിക്കണമെന്നാകും മിക്കവരുടെയും ധാരണ. എന്നാൽ, ഭക്ഷണത്തിൽ നിന്ന് തന്നെ നമുക്ക് ആവശ്യമായ പ്രോട്ടീൻ കണ്ടെത്താനാവും. കോഴിയിറച്ചി, മീൻ, മുട്ട, പാലുൽപ്പന്നങ്ങൾ, സോയ, പരിപ്പ് മുതലായവ ഏറെ പ്രോട്ടീൻ അടങ്ങിയതാണ്. കൃത്യമായി ഭക്ഷണം പ്ലാൻ ചെയ്യുന്നതിലൂടെ ആവശ്യമായ പ്രോട്ടീൻ നിങ്ങൾക്ക് കണ്ടെത്താനാകും.
ഉദാഹരണത്തിന്:
പ്രോട്ടീൻ നല്ല രീതിയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ദിവസവും ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നൽകാം.
പ്രോട്ടീൻ സപ്ലിമെന്‍റുകൾ അത്യാവശ്യമായ ഒന്നല്ലെങ്കിലും, ചില സാഹചര്യങ്ങളിൽ അത് ഏറെ സൗകര്യപ്രദമാണ്.
രണ്ടും ഒരുപോലെ ഫലപ്രദമാണെന്നാണ് റിസർചുകളും മറ്റും പറയുന്നത്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന പ്രോട്ടീനും സപ്ലിമെന്‍റുകളിലൂടെ ലഭിക്കുന്ന പ്രോട്ടീനും നിങ്ങളുടെ മസിലുകൾ വളർത്തുന്നതിന് ഒരുപോലെ സഹായിക്കുന്നുണ്ട്. ഓരോ ദിവസവും എത്രയാണ് ആവശ്യമെന്നത് കണക്കുകൂട്ടി കഴിക്കണമെന്ന് മാത്രം. സപ്ലിമെന്‍റുകൾ പ്രോട്ടീൻ ആവശ്യം നിറവേറ്റുന്ന ഒരു മാന്ത്രിക വസ്തുവൊന്നുമല്ലെന്ന് മനസ്സിലാക്കണം. അത്, പ്രോട്ടീനിനെ സൗകര്യപ്രദമായ രൂപത്തിലേക്ക് മാറ്റുന്നുവെന്ന് മാത്രമാണ്. പല പഠനങ്ങളിലും തെളിയിച്ചത്, ഭക്ഷണത്തിലൂടെയുള്ള പ്രോട്ടീനും സപ്ലിമെന്‍റുകളിൽ നിന്നുള്ള പ്രോട്ടീനും സമാനമായ ഗുണമാണ് ശരീരത്തിന് നൽകുന്നതെന്നാണ്.
നിങ്ങളുടെ പതിവ് ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുമെന്ന് ഉറപ്പാണെങ്കിൽ പ്രോട്ടീൻ സപ്ലിമെന്റുകൾ ആവശ്യമില്ല. എന്നാൽ, നിങ്ങൾക്ക് ഭക്ഷണം കൃത്യമായി സമീകൃതമാക്കാൻ സാധിക്കുന്നില്ലെങ്കിലോ, തിരക്കിലാണെങ്കിലോ ഡയറ്റിങ്ങിലാണെങ്കിലോ അതല്ല കൂടുതലായി വർക്കൗട്ട് ചെയ്യുന്നുണ്ടെങ്കിലോ പ്രോട്ടീൻ സപ്ലിമെന്‍റുകൾ സൗകര്യപ്രദമാണ്. പ്രോട്ടീൻ പൗഡറുകളെ ഒരു സ്ഥിരം ഭക്ഷണമായി കാണാതെ, ഒരു ഓപ്ഷനായി മാത്രം കാണുന്നതാണ് നല്ലത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങളുടെ ശരീരത്തിന് മതിയായ പ്രോട്ടീൻ ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തലാണ്, അത് ഭക്ഷണത്തിലൂടെയായാലും സപ്ലിമെന്‍റുകളിലൂടെയായാലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.