ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വർധന. ബുധനാഴ്ച രാവിലെ എട്ടുവരെ ലഭ്യമായ കണക്ക് പ്രകാരം 7121 സജീവ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 306 പുതിയ കോവിഡ് കേസുകളും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കേരളം-2223, ഗുജറാത്ത്-1223, ഡൽഹി-757, പശ്ചിമ ബംഗാൾ- 747, മഹാരാഷ്ട്ര-615 എന്നിങ്ങനെയാണ് നിലവിലെ ഉയർന്ന കോവിഡ് നിരക്കുകൾ. 8573 പേർ രോഗവിമുക്തരായി. ഇപ്പോഴത്തെ രോഗവ്യാപനത്തിന് പിന്നിൽ എക്സ്.എഫ്.ജി എന്ന പുതിയ വകഭേദവും ഉണ്ടെന്നാണ് ഇൻസാകോഗ് (ഇന്ത്യൻ സാർസ് കോവ്-2 ജീനോമിക്സ് കൺസോർട്ട്യം) പുറത്തുവിട്ട പുതിയ ഡേറ്റ വ്യക്തമാക്കുന്നത്.
രാജ്യത്തെ രോഗവ്യാപനത്തിൽ 200ലധികം കേസുകൾക്ക് പിന്നിൽ എക്സ്.എഫ്.ജി ആണെന്ന് ഇൻസാകോഗ് വ്യക്തമാക്കുന്നു. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 89 അണുബാധകളോടെ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എക്സ്.എഫ്.ജി കേസുകൾ റിപ്പോർട്ട് ചെയ്തത്. ഒമിക്രോൺ ഉപ വകഭേദത്തിന്റെ പിൻഗാമിയായാണ് എക്സ്.എഫ്.ജി വകഭേദത്തെ കണക്കാക്കുന്നത്. സ്വാഭാവിക പ്രതിരോധ ശേഷിയെ എളുപ്പത്തിൽ മറികടക്കാൻ ശേഷിയുള്ളതാണ് എക്സ്.എഫ്.ജി വകഭേദമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
എന്നാൽ, ഇതര ഒമിക്രോൺ വകഭേദങ്ങളെപ്പോലെ തന്നെ എക്സ്.എഫ്.ജിയും ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ഭെൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.