കൊതുകുജന്യ രോഗങ്ങളിൽ വളരെയധികം ജാഗ്രത നൽകേണ്ട ഒന്നാണ് ഡെങ്കിപ്പനി. കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന പകർച്ചവ്യാധികളിലൊന്ന് ഡെങ്കിപ്പനിയാണെന്ന് നിസ്സംശയം പറയാം. കൊതുക് ധാരാളമായി വളരുന്ന ഹോട്ട്സ്പോട്ടുകൾ കേരളത്തിൽ ധാരാളമുണ്ടെന്നിരിക്കെ എല്ലായ്പോഴും ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. ഡെങ്കി വൈറസാണ് (DENV) ഡെങ്കിപ്പനിക്ക് കാരണമാകുന്നത്. നിലവിൽ ഈ വൈറസിന് 5 വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഈഡിസ് ഈജിപ്തി വിഭാഗത്തിൽപെടുന്ന പെൺ കൊതുകുകൾ വഴിയാണ് മനുഷ്യരിൽ ഡെങ്കി വൈറസ് എത്തുന്നത്. പകൽ സമയത്താണ് ഈ കൊതുകുകൾ കൂടുതലായും കടിക്കുന്നത്. ഗർഭിണികളിൽ ഡെങ്കിപ്പനി ബാധിച്ചാൽ അത് ഗർഭസ്ഥശിശുവിനുപോലും അപകടമാണ്. മൂന്നു ദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനിയും മറ്റ് ലക്ഷണങ്ങളുമുണ്ടെങ്കിൽ എത്രയും പെട്ടെന്നുതന്നെ ഡോക്ടറെ സമീപിച്ച് രോഗനിർണയം നടത്തണം.
വൈറസ് ശരീരത്തിലെത്തി രണ്ടു മുതൽ ഏഴു ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത പനി, അസഹ്യമായ തലവേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛർദി, കണ്ണിന് ചുറ്റും വേദന, നിർജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ശരീരത്തിൽ ചുവന്ന തടിപ്പുകളും കാണാറുണ്ട്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ഡെങ്കി ബാധിച്ചെന്ന് ഉറപ്പാക്കാനായി ഡോക്ടറുടെ നിർദേശമനുസരിച്ച് രക്തപരിശോധന നടത്തേണ്ടതാണ്. രോഗലക്ഷണങ്ങളുടെ തീവ്രതയനുസരിച്ച് അനുബന്ധ പരിശോധനകളും നടത്തേണ്ടതായി വരും.
രോഗം സ്ഥിരീകരിച്ച ശേഷം രോഗലക്ഷണങ്ങൾ കുറക്കുന്നതിനുള്ള ചികിത്സയാണ് നൽകുന്നത്. പനി, ശരീരവേദന എന്നിവ കുറക്കുന്നതിനുള്ള മരുന്നുകളാണ് ഈ ഘട്ടത്തിൽ നൽകുക. നിർജലീകരണം ഇല്ലാതാക്കാൻ ദിവസവും ഏകദേശം നാല് ലിറ്റർ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ശാരീരിക അസ്വസ്ഥതകൾ കുറയുന്നതുവരെ നല്ല വിശ്രമവും ആവശ്യമാണ്.
ഡെങ്കിപ്പനി ബാധിച്ചവരിൽ പ്ലേറ്റ് ലെറ്റ് കൗണ്ട് കുറയാൻ സാധ്യതയുള്ളതിനാൽ നിശ്ചിത ഇടവേളകളിൽ രക്തപരിശോധന നടത്തണം. സാധാരണ ഒന്നര ലക്ഷം മുതൽ നാലര ലക്ഷം വരെയാണ് ആരോഗ്യമുള്ള വ്യക്തിയിലെ പ്ലേറ്റ് ലെറ്റിന്റെ അളവ്. എന്നാൽ, ഡെങ്കിപ്പനി ബാധിച്ചവരിൽ പ്ലേറ്റ് ലെറ്റ് അളവ് ക്രമാതീതമായി കുറയുന്ന സാഹചര്യമുണ്ടാകുന്നത് അപകടം ക്ഷണിച്ചുവരുത്തും.
പ്ലേറ്റ് ലെറ്റുകളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാകുമ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കണം. രോഗം ഗുരുതരമായവർക്ക് കൃത്യമായ പരിശോധനക്കുശേഷം ആവശ്യമെങ്കിൽ പ്ലേറ്റ്ലെറ്റ് ചികിത്സ നൽകാറുണ്ട്. പ്ലേറ്റ് ലെറ്റുകളുടെ എണ്ണം 50,000ത്തിൽ താഴെ എത്തുകയും മറ്റ് അപകട സാഹചര്യങ്ങൾ ഉണ്ടാവുകയും ചെയ്താൽ മാത്രമാണ് പ്ലേറ്റ്ലെറ്റ് ചികിത്സ നൽകാറുള്ളത്.
ഡെങ്കി ഹെമറാജിക് ഫീവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നിവ ഡെങ്കിപ്പനിയുടെ ഏറ്റവും അപകടകരമായ ഘട്ടങ്ങളാണ്. ഈ സമയത്ത് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. ആന്തരിക രക്തസ്രാവമാണ് ഡെങ്കി ഹെമറാജിക് ഫീവറിന്റെ ലക്ഷണം. ഇതിന്റെ ഭാഗമായി ശരീരത്തിൽ ചുവന്ന അടയാളങ്ങൾ കാണാറുണ്ട്. മോണയിൽ നിന്ന് രക്തസ്രാവമുണ്ടാകുന്നതും ചുമച്ചു തുപ്പുമ്പോൾ രക്തം കാണുന്നതും ഡെങ്കി ഹെമറാജിക് ഫീവർ ബാധിച്ചവരിലാണ്. പ്ലേറ്റ് ലെറ്റ് കുറയുന്നത് ശ്രദ്ധിക്കാതെപോകുന്നത് രോഗം ഈ ഘട്ടത്തിലേക്ക് മാറാൻ വഴിയൊരുക്കും.
നിലവിലുള്ളതിൽ ഡെങ്കിപ്പനിയുടെ ഏറ്റവും തീവ്രമായ ഘട്ടമാണ് ഡെങ്കി ഷോക്ക് സിൻഡ്രോം. ഇത് ബാധിച്ച രോഗികളുടെ ശരീരത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതോടൊപ്പം രക്തസമ്മർദം ഗണ്യമായി താഴുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാം. ഈ ഘട്ടത്തിൽ ഏറ്റവും വേഗത്തിൽ ഫലപ്രദമായ ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം. പലപ്പോഴും, ഡെങ്കിപ്പനി സാധാരണ പനിയായി തെറ്റിദ്ധരിക്കു ന്നതുമൂലമാണ് രോഗികൾ ഈ ഘട്ടത്തിലെത്തുന്നത്. രോഗം വന്ന് കഴിഞ്ഞാൽ വിദഗ്ധ ചികിത്സയാണ് പ്രധാനം. സ്വയം ചികിത്സ ചെയ്യരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ യഥാസമയം ചികിത്സ നൽകേണ്ടത് അനിവാര്യമാണ്.
ഡെങ്കിപ്പനി ബാധിക്കാതിരിക്കാൻ കൊതുക് വളരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കേണ്ടത് അനിവാര്യമാണ്. മഴക്കുശേഷം പലയിടത്തും ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് പെരുകുന്നതിന് വഴിയൊരുക്കും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നിൽക്കുന്നതിന് അനുവദിക്കരുത്. രോഗം വന്നയാളെ കൊതുക് വലക്കുള്ളിൽ തന്നെ കിടത്താൻ ശ്രമിക്കുക. രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിച്ചാൽ രോഗം പകരാൻ സാധ്യതയുണ്ട്. കൊതുക് കടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൈകളും കാലുകളും നന്നായി മറച്ച് വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കാം. കൊതുകു കടി ഒഴിവാക്കാൻ തൊലിപ്പുറത്ത് ക്രീമുകൾ, ലേപനങ്ങൾ എന്നിവ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.