ഏറ്റവും കംഫർട്ടായി ചെലവഴിക്കാൻ സാധിക്കേണ്ട ഇടമാണല്ലോ നമ്മുടെ കിടപ്പുമുറി. റെസ്റ്റെടുക്കാനും അടുത്ത ദിവസത്തേക്ക് റീസെറ്റാകാനുമുള്ള സ്ഥലമാണിത്. എന്നാൽ, അവിടെയാ കംഫർട്ട് ഇല്ലാതാക്കുക മാത്രമല്ല, രോഗം വരുത്തുകകൂടി ചെയ്യുന്ന മൂന്നു കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ആരോഗ്യ വിദഗ്ധർ.
പഴയ തലയണയിൽ സൂക്ഷ്മമായ പൊടിപടലങ്ങൾ, വിയർപ്പ്, മൃതകോശങ്ങൾ, അലർജനുകൾ തുടങ്ങിയവ കുമിഞ്ഞുകൂടിയിട്ടുണ്ടാകും. ഇത് ത്വക്കുമായും സൈനസുമായും ഉറക്കവുമായുമെല്ലാം ഏറ്റുമുട്ടുകയും പതിയെ ആരോഗ്യപ്രശ്നം സൃഷ്ടിക്കുകയും ചെയ്യും. ഒന്നോ രണ്ടോ വർഷത്തിലധികം ഒരു തലയണ ഉപയോഗിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അങ്ങനെ ചെയ്താൽ കഴുത്തും മൊത്തത്തിലുള്ള ശരീരവും നിങ്ങളോട് നന്ദി പറയും. കഴുകിയെടുക്കാൻ കഴിയുന്നവ ഉപയോഗിച്ചാൽ നല്ലതാണ്.
കിടപ്പുമുറിയിൽ സുഗന്ധം നല്ലതുതന്നെ. പക്ഷെ, ആരോഗ്യത്തെ ഹനിക്കുന്ന പദാർഥങ്ങൾ കൊണ്ടുള്ള സുഗന്ധങ്ങളാണെങ്കിൽ ഒഴിവാക്കുക തന്നെ വേണം. ഫാലേറ്റ് അടങ്ങിയവയാണ് മിക്ക റൂം ഫ്രഷ്നറുകളും. ഇത് പ്രത്യുൽപാദന പ്രശ്നം മുതൽ ആസ്തമയും ഹോർമോൺ പ്രശ്നങ്ങളുമെല്ലാം സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നിയിപ്പ് നൽകുന്നു. കൃത്രിമ സുഗന്ധത്തിനു പകരം സസ്യങ്ങളിൽനിന്നെടുക്കുന്ന എസെൻഷ്യൽ ഓയിൽ ഉപയോഗിച്ചും മികച്ച വെന്റിലേഷൻ നൽകിയും വായു മികച്ചതാക്കാം.
പഴകിയ കിടക്ക ഉപയോഗിക്കുന്നത് ഒരിക്കലും നല്ലതല്ല. പല കാരണങ്ങളാലും ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഏഴു മുതൽ 10 വരെ വർഷങ്ങൾ പഴക്കമുള്ള കിടക്കയാണ് ഉപയോഗിക്കുന്നതെങ്കിൽ, കിടന്നെണീക്കുമ്പോൾ മേലാസകലം വേദനയുണ്ടാകുന്നുവെങ്കിൽ പുതിയത് വാങ്ങണം. വിയർപ്പും പൊടിയും മൃതകോശങ്ങളും ഇതിലുമുണ്ടാകും. ഉറക്കപ്രശ്നം മുതൽ ബാക്ക് പെയിൻ വരെ ഇതിന്റെ ഫലമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.