പ്രതീകാത്മക ചിത്രം
വയോജനങ്ങളുടെ ഒറ്റപ്പെടലുകള്‍ ഒഴിവാക്കാനും, ജീവിതത്തെ കുറച്ചുകൂടി ആയാസരഹിതമാക്കാനും കുടുംബാംഗങ്ങള്‍ക്ക് സാധിക്കും
പ്രായമായവരുടെ ജനസംഖ്യ കഴിഞ്ഞ കുറച്ചു ദശകങ്ങളായിട്ട് ലോകമെമ്പാടും വർധിച്ചുവരുകയാണ്. അതോടൊപ്പം സമീപകാലത്തായി വയോജനങ്ങളില്‍ പലതരത്തിലുള്ള ശാരീരിക മാനസിക രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. മുതിര്‍ന്ന പൗരന്മാരില്‍ 14 ശതമാനത്തോളം പേര്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായാണ് 2022ലെ ഗ്ലോബല്‍ ഹെല്‍ത്ത് എക്‌സ്‌ചേഞ്ചിന്റെ കണക്ക് പറയുന്നത്.
വിഷാദവും ഉത്കണ്ഠയുമാണ് കൂടുതൽ കണ്ടുവരുന്നത്. പ്രധാനമായും ആരോഗ്യസ്ഥിതികളാണ് വിഷാദരോഗത്തിന് കാരണമാകുന്നത്. പാര്‍ക്കിന്‍സണ്‍സ്, പക്ഷാഘാതം, ഹൃദ്രോഗം, അർബുദം, പ്രമേഹം, തൈറോയ്ഡ് രോഗങ്ങള്‍, വിറ്റാമിന്‍ ബി 12ന്റെ കുറവ്, ഡിമെന്‍ഷ്യ, മറവിരോഗം, അപസ്മാരം, മള്‍ട്ടിപ്ള്‍ സ്‌ക്ലിറോസിസ് എന്നിവയുമായി ഇത് നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, വേദന, വൈകല്യം, ജീവന്‍ അപകടപ്പെടുത്തുന്ന രോഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ശരീരിക അവസ്ഥകളുടെ വ്യാപനം പ്രായമായവരില്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കും.
അതിനാല്‍, വയോജനങ്ങളിൽ വിഷാദരോഗത്തെക്കുറിച്ചും ചികിത്സ പദ്ധതിയെക്കുറിച്ചും അവബോധമോ മതിയായ വിവരമോ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. മുതിര്‍ന്നവരുടെ മാനസികാരോഗ്യ പ്രശ്നങ്ങളുടെ കാരണങ്ങള്‍ പലതാണ്. ജീവിതസാഹചര്യങ്ങള്‍, ജീവിതാനുഭവങ്ങള്‍, ഒറ്റപ്പെടല്‍, പങ്കാളിയുടെ മരണം, ആരോഗ്യ പ്രശ്നങ്ങള്‍, ശാരീരികവും ബൗദ്ധികവുമായ കഴിവുകളിലുണ്ടാകുന്ന കുറവുകള്‍, രോഗിയായിട്ടുള്ള പങ്കാളിയെ ശുശ്രൂഷിക്കുക, മക്കള്‍ ജോലിക്ക് പോകുമ്പോള്‍ വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരുക, സാമ്പത്തിക പ്രതിസന്ധി, സഹായത്തിന് ആളില്ലാത്ത അവസ്ഥ, കേള്‍വി- കാഴ്ചക്കുറവ് തുടങ്ങിയവയെല്ലാം ഇവരില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്.
ഒരായുസ്സ് മുഴുവനും ജോലി ചെയ്തുണ്ടാക്കിയ സമ്പത്ത് വീടിന്റെ വായ്പ അടച്ചും, മക്കളുടെ പഠനത്തിനും വിവാഹത്തിനും അവരുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള തത്രപ്പാടില്‍ പലപ്പോഴും ജീവിതം ആസ്വദിക്കാതെ വാർധക്യത്തിലേക്ക് എത്തുന്നവരാണ് അധികവും.
ഇങ്ങനെ സാമ്പത്തികമായും ആരോഗ്യപരമായും ബുദ്ധിമുട്ടുകളനുഭവിക്കേണ്ടിവരുന്ന ധാരാളം വൃദ്ധമാതാപിതാക്കളെ ചുറ്റും കാണാവുന്നതാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി വേണ്ട മാര്‍ഗങ്ങള്‍ മുന്‍കൂട്ടിത്തന്നെ കൈക്കൊള്ളേണ്ടതാണ്.
വയോജനങ്ങളുടെ ഒറ്റപ്പെടലുകള്‍ ഒഴിവാക്കാനും, ജീവിതത്തെ കുറച്ചുകൂടി ആയാസരഹിതമാക്കാനും കുടുംബാംഗങ്ങള്‍ക്ക് സാധിക്കും. ഇവരുടെ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. കൃത്യമായ ഇടവേളകളില്‍ ഓര്‍മശക്തി പരിശോധിക്കുന്നതും പ്രായമുള്ളവരുടെ പെരുമാറ്റങ്ങളെയും വ്യക്തിത്വത്തിലുള്ള മാറ്റങ്ങളെയും ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും.
അന്നന്നു നടന്ന സംഭവങ്ങള്‍ ചോദിക്കുക, കുറച്ച് വാക്കുകള്‍ പറഞ്ഞിട്ട് ഓര്‍ത്തുപറയുക, പിന്നീട് പല ഇടവേളകളില്‍ ആ വാക്കുകള്‍ ഓര്‍ത്തുപറയാനായി ആവശ്യപ്പെടുക തുടങ്ങിയവ ചെയ്യുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.