സ്വന്തത്തിന് എല്ലാറ്റിനേക്കാളും പ്രധാന്യം നൽകി കഠിനമായി അധ്വാനിച്ചാലേ മികച്ച ഭാവിയും കരിയറും വിജയവും കൈപ്പിടിയിലാക്കാൻ കഴിയൂ എന്ന പ്രചോദന കോച്ചുമാരുടെയും കരിയർ ഗുരുക്കൻമാരുടെയും ആഹ്വാനങ്ങൾ അരങ്ങു തകർക്കുന്ന ഇക്കാലത്ത് പരോപകാരശീലം, നിസ്വാർഥത തുടങ്ങിയ പദങ്ങൾക്ക് നിലനിൽപുണ്ടോ ?
നിങ്ങൾ നിങ്ങൾക്കാണോ അതോ മറ്റുള്ളവർക്കാണോ ആദ്യ പരിഗണന നൽകേണ്ടത് എന്ന യുഗങ്ങളായുള്ള ചോദ്യത്തിന് പുതിയകാല മനഃശാസ്ത്ര, ന്യൂറോളജിക്കൽ ഗവേഷണങ്ങൾ പറയുന്ന ഉത്തരം, മാന്യമായ ഒരു മധ്യമാർഗം പിടിക്കണമെന്നാണ്. കാരണം, സ്വന്തത്തെ വളർത്തിക്കൊണ്ടുവരാൻ മാത്രം മുഴുവൻ ഊർജവും ചെലവഴിക്കുന്നവരിൽ പോലും മാനഷികമായ സഹജീവി സ്നേഹവും നിസ്വാർഥതയും പ്രകൃതിപരമായി ഉണ്ടെന്നതാണ്. നാം സ്വയം കരുതുന്നത്ര സ്വാർഥരല്ല നമ്മളെന്നതാണ് യാഥാർഥ്യം.
വിമാനങ്ങളിലെ നിർദേശങ്ങൾ ഓർമയില്ലേ: ‘‘അടിയന്തര ഘട്ടത്തിൽ മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ്, ആദ്യം നിങ്ങളുടെ ഓക്സിജൻ മാസ്ക് അണിയുക’’ എന്ന് ആവശ്യപ്പെടുന്നത് സ്വാർഥതയല്ല, പ്രായോഗികത അതായതുകൊണ്ടാണ്. എന്നാൽ, വ്യക്തികേന്ദ്രീകൃതമായ കാഴ്ചപ്പാടുകൾക്ക് കുടുതൽ വില ലഭിക്കുന്ന നമുക്ക് ചുറ്റും ഇത്തരം ഉപദേശങ്ങൾ സ്വാർഥതയെ ന്യായീകരിക്കപ്പെടാൻ ഉപയോഗിക്കപ്പെടാം.
മനഃശാസ്ത്രകാരൻ സ്റ്റീവ് ടെയ്ലർ പറയുന്നു: ഒറ്റജീവികളായല്ല, ജീവികളുടെ കൂട്ടമായാണ് മനുഷ്യകുലം ഉയർന്നുവന്നതെന്ന് ജീവശാസ്ത്ര പാഠങ്ങൾ. 14 മാസം പ്രായമുള്ള കുഞ്ഞുപോലും സാമൂഹികജീവിയെന്ന സ്വഭാവം കാണിക്കുന്നു, പ്രതിഫലം ഇച്ഛിക്കാതെ മറ്റുള്ളവരെ സഹായിക്കാൻ തുടങ്ങുന്നു.
യു.കെയിലും ദക്ഷിണാഫ്രിക്കയിലും തെരുവിൽ നടന്ന അതിക്രമങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങളിൽ, പത്തിൽ ഒമ്പതു സംഭവങ്ങളിലും കാൽനടക്കാരും മറ്റും സഹായത്തിന് ഓടിയെത്തുന്നതായി കണ്ടു. കാൽനടക്കാർ കാഴ്ചക്കാർ എന്ന പതിവ് ആരോപണങ്ങളെ തെറ്റിക്കുംവിധമാണ് ആളുകളുടെ സഹായ മനഃസ്ഥിതിയെന്നും പഠനം പറയുന്നു.
പരസഹായം, സ്വയം സഹായം
സന്നദ്ധസേവനവും പരസഹായവും സമൂഹത്തിനു മാത്രമല്ല, അതു നിർവഹിക്കുന്നവരുടെ ജീവിതസൗഖ്യത്തിനും വഴി തെളിക്കുന്നു. സ്ഥിരമായ കാരുണ്യപ്രവൃത്തി മാനസികാരോഗ്യവും ആത്മവിശ്വാസവും വർധിപ്പിക്കുമെന്നും ഏകാന്തതയും വിരസതയും അകറ്റുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മർദം കുറക്കുമെന്നുപോലും പഠനങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ ഗവേഷകർ പറയുന്നത് നിസ്വാർഥതയെന്നത് പ്രകൃതിപരമാണെന്നാണ്.
ബാലൻസ് പ്രധാനം
അതേസമയം, സംസ്കാരവും പാരന്റിങ്ങും പ്രധാനമാണ്. തായ്വാൻ പോലുള്ള കൂട്ടായ്മ സമൂഹങ്ങളിൽ, മറ്റുള്ളവരെ എപ്പോഴും ഒന്നാമതെത്തിക്കണമെന്ന സമ്മർദം, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒരു ഭാരമായി മാറിയേക്കാമെന്ന് ഗവേഷക ചിംഗ്-യു ഹുവാങ് പറയുന്നു. സ്വയം മുൻഗണന നൽകിയതിന് താൻ ‘പെൺ കടുവ’ എന്ന് മുദ്രകുത്തപ്പെട്ടത് അവർ ചൂണ്ടിക്കാട്ടുന്നു. തന്റെ മുൻഗണനകളും സമൂഹത്തിന്റെ പ്രതീക്ഷകളും തമ്മിൽ സന്തുലിതമായി കൊണ്ടുപോകാൻ ശ്രമിച്ചിട്ടും ഇതാണവസ്ഥയെന്നും അവർ കൂട്ടിച്ചേർക്കുന്നു. സോഷ്യൽ എത്തിസിസ്റ്റ് ടോണി മില്ലഗൻ പറയുന്നത്, ഭൂരിഭാഗം മനുഷ്യരും ധാർമികമായി താഴ്ന്ന നിലവാരത്തിലുള്ളവരാണെന്നും അതൊരു അസ്വാഭാവികതയല്ലെന്നും എന്നാൽ, അതിൽ നിന്ന് പതിയെ ധാർമികമായി ഉയരാത്തതാണ് അസ്വാഭാവികതയെന്നുമാണ്.
ചുരുക്കത്തിൽ, നിസ്വാർഥരാവൽ സ്വന്തത്തെ ത്യജിക്കലല്ല. മറ്റുള്ളവരെ കൂടി പരിഗണിക്കുന്നത് കരുത്താണെന്ന് ശാസ്ത്രവും പറയുന്നു. അതേസമയം, സ്വന്തത്തെ പരിഗണിക്കേണ്ടത് എപ്പോളെല്ലാമാണെന്ന് അറിഞ്ഞിരിക്കണമെന്നും ചേർത്തുപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.