പോസ്റ്റ്പാർട്ടത്തിനിടെ മിക്ക സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നമാണ് കാഴ്ചാ പ്രശ്നങ്ങൾ. ഗർഭകാലവും പോസ്റ്റ്പാർട്ടവും സ്ത്രീകളിൽ ചില സങ്കീർണതകളുണ്ടാക്കുന്നു. അത് ഹോർമോണുകളുടെ സംതുലിതാവസ്ഥയെയും മാനസികാവസ്ഥയെയും ബാധിക്കുന്നു. ശാരീരികമായും മാറ്റങ്ങൾ പ്രകടമാകുന്നു. പ്രസവശേഷം സ്ത്രീകളിൽ കണ്ടുവരുന്ന ശാരീരികവും മാനസികവുമായ അവസ്ഥകളെ പൊതുവായി പറയുന്നതാണ്പോസ്റ്റ്പാർട്ടം എന്ന് പറയുന്നത്.
പ്രസവ ശേഷം സ്ത്രീകളിൽ കാണുന്ന കാഴ്ചാ പ്രശ്നങ്ങൾ സാധാരണമാണെന്നാണ് ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിലെ ഗ്ലൂക്കോമ,തിമിര ലാസിക് സർജൻ ഡോ. എം. ബവരിയ പറയുന്നത്. സാധാരണക്കാർക്ക് ഇത് മനസിലാകണമെന്നില്ല. ഇതിന് പല കാരണങ്ങളുണ്ട്.
1. ഹോർമോണുകളിലെ വ്യതിയാനങ്ങൾ
പ്രസവ ശേഷം ഒരു സ്ത്രീയുടെ ശരീരത്തിലെ ഈസ്ട്രജന്റെയും പ്രൊജസ്റ്റിറോണിന്റെയും അളവ് നന്നായി കുറയും.
ഈ ഹോർമോൺ മാറ്റങ്ങൾ കോർണിയയുടെ ആകൃതിയിലും സാന്ദ്രതയിലും താൽക്കാലിക മാറ്റം വരുത്തുകയും അതുമൂലം കാഴ്ച മങ്ങുകയോ വികലമാവുകയോ ചെയ്യും. ഇനി കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്ന അമ്മമാരാണെങ്കിൽ അവർക്ക് ലെൻസ് ധരിക്കുന്നത് അസൗകര്യമായോ ചിലപ്പോൾ അത് ശരിയാകുന്നില്ല എന്നൊക്കെ തോന്നും. ഈ മാറ്റങ്ങൾ പലപ്പോഴും താൽകാലികമായിരിക്കും. എന്നാൽ അസ്വസ്ഥത കുറയില്ല.
2. വരണ്ട കണ്ണുകൾ
കൂടുതൽ സ്ത്രീകളിലും പ്രത്യേകിച്ച് മുലയൂട്ടുന്നവരിൽ, കുഞ്ഞുങ്ങൾ ജനിച്ച് കഴിഞ്ഞ് കുറച്ച് ആഴ്ചകൾ വരെ കണ്ണുനീരിന്റെ ഉൽപാദനം കുറഞ്ഞുകൊണ്ടിരിക്കും. ഇത് കണ്ണുകൾ വരണ്ടതും തരുതരുപ്പുള്ളതും അസ്വസ്ഥതയുള്ളതുമാക്കും. വെളിച്ചമുള്ളപ്പോൾ കണ്ണുകൾ തുറക്കാൻ ഇത് പ്രയാസമുണ്ടാക്കുന്നു. ഒരിടത്ത് കണ്ണുകൾ ഫോക്കസ് ചെയ്യുന്നതിനും പ്രശ്നമുണ്ടാക്കുന്നു. ഇതെല്ലാം പതിവുജോലികൾ പോലും ചെയ്യുന്നത് ബുദ്ധിമുട്ടുള്ളതാക്കുന്നു.
3. ഫ്ലൂയിഡ് നിലനിർത്തൽ
പോസ്റ്റ്പാർട്ടം അമ്മമാരുടെ കൈകാലുകളെ മാത്രമല്ല, കണ്ണുകളെയും നന്നായി ബാധിക്കും. അധികമായുണ്ടാകുന്ന ദ്രാവകം കണ്ണിനു ചുറ്റും നീർക്കെട്ടുണ്ടാക്കുന്നു. ചിലപ്പോഴെങ്കിലും ഇത് കാഴ്ചക്ക് പ്രശ്നമുണ്ടാക്കുന്നു. ശരീരം സാധാരണ നിലയിലാകുമ്പോൾ കണ്ണുകളുടെ ആരോഗ്യവും സാധാരണ പോലാകാം.
4. ഉറക്കക്കുറവും ക്ഷീണവും
ഉറക്കത്തിലുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. പ്രസവം കഴിഞ്ഞാൽ മാസങ്ങളെടുക്കും അമ്മമാർക്ക് സാധാരണ രീതിയിലുള്ള ഉറക്കം ലഭിക്കാം. കുഞ്ഞിനെ പരിചരിക്കുന്നതിനായി ഉറങ്ങാതെയിരിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ നന്നായി ബാധിക്കും. ഇത് തലവേദനക്കും കാരണമാകും. അതുപോലെ സ്ക്രീൻ സമയം കൂടുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കും. പ്രത്യേകിച്ച് രാത്രി വൈകിയും കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാർ പലപ്പോഴും ഫോണിൽ വിഡിയോകളും മറ്റും കണ്ടായിരിക്കും സമയം പോക്കുന്നത്. ഇത് ഒഴിവാക്കണം.
5. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം
പോസ്റ്റ്പാർട്ടത്തെ തുടർന്നുണ്ടാകുന്ന കണ്ണുകളുടെ പ്രശ്നങ്ങൾ പലപ്പോഴും താൽകാലികമാണ്. എന്നാൽ ചില ലക്ഷണങ്ങൾ ദീർഘകാല പ്രശ്നങ്ങളിലേക്ക് നയിക്കാം. രക്തസമ്മർദം മൂലം ഗർഭാവസ്ഥയിൽ ഉണ്ടാവാൻ ഇടയുള്ള പ്രശ്നങ്ങൾ ചിലപ്പോൾ കാഴ്ചാ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇങ്ങനെ വരുമ്പോൾ അവഗണിക്കാതെ പെട്ടെന്നുതന്നെ ചികിത്സ തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.