air pollution
പെട്രോൾ-ഡീസൽ വാഹനങ്ങളുടെ പുകയിലെ മാലിന്യം കൂടുതലായി ഏറ്റാൽ മറവിരോഗം നിങ്ങളെത്തേടി വന്നേക്കാം. കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയുടെ പഠനമാണ് കൂടുതലായി കാർബൺ വമിക്കുന്നയിടത്ത് ജീവിക്കുന്നവർക്ക് മറവിരോഗതിന്റെ സാധ്യത കണ്ടെത്തുന്നത്. ഒരുവർഷം നീണ്ട സമഗ്രമായ പഠനമാണ് ഈ സാധ്യത പറയുന്നത്. മലിനമായ വായുവിൽ ജീവിച്ച ഏതാണ്ട് 30 ലക്ഷം പേരെ പഠനവിധേയമാക്കിയുള്ള 51 പഠനങ്ങളെ സമഗ്രമായി വിലയിരുത്തിയാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് വിദഗ്ധ സംഘം എത്തിയത്.
വാഹനങ്ങളിൽ നിന്നും തെർമൽ പവർ സ്റ്റേഷനുകളിൽ നിന്നും വമിക്കുന്ന പി.എം 2.5 (2.5 മൈക്രോ മീറ്റർ ഡയമീറ്ററുള്ള പാർട്ടിക്കിൾ), നൈട്രജൻ ഡയേക്സൈഡ്, ബ്ലാക്ക് കാർബൺ എന്നിവയാണ് പഠനവിധേയമാക്കിയത്. പി.എം 2.5 സ്ഥിരമായി ശ്വസിച്ചാൽ മറവിരോഗത്തിനുള്ള സാധ്യത 17 ശതമാനം വർധിക്കും.
ഫോസിൽ ഇന്ധനം കത്തുമ്പോഴും തെർമൽ പവർ പ്ലാന്റുകളിൽ നിന്നും ഉണ്ടാകുന്ന നൈട്രജൻ ഡയോക്സൈഡ് കൂടുതലായി ശ്വസിക്കുന്നവർക്ക് മൂന്ന് ശതമാനമാണ് സാധ്യത. മറ്റൊന്ന് ബ്ലാക് കാർബൺ. വാഹനങ്ങളിൽ നിന്നും വിറക് കത്തുമ്പോഴും ഉണ്ടാകുന്ന ബ്ലാക് കാർബൺ 13 ശതമാനമാണ് സാധ്യത കാണിക്കുന്നത്.
ഇത്തരം പുക സ്ഥിരമായി ശ്വസിക്കുന്നവരുടെ തലച്ചോറിൽ നീർകെട്ട് ഉണ്ടാകും. ഇത് വഷരഹിതമാക്കാനുള്ള ശരീരത്തിന്റെ സ്വാഭാവികമായ കഴിവ് ഇല്ലാതാവുകയും ഇത് തലച്ചോറിലെ കോശങ്ങൾക്ക് തകർച്ച ഉണ്ടാക്കുകയും ചെയ്യുന്നു. ഇതാണ് ഒരു സാധ്യത.
ഓർമയെ ബാധിക്കുന്ന നിരവധി രോഗങ്ങളെ ചേർത്താണ് മറവിരോഗം എന്നു പറയുന്നത്. ഓർമകളെയും ചിന്തകളെയും ബാധിക്കുക, ഓജസ്സില്ലായ്മ തുടങ്ങിയ അവസ്ഥയാണ് പ്രധാനം. മുഖ്യമായും പ്രായമായവരെയാണ് ഇത് ബാധികുക. 2021ലെ കണക്കു പ്രകാരം ലോകത്ത് അഞ്ചരക്കോടിയോളം മറവിരോഗികളുണ്ട്. 2050ൽ ഇത് 15 കോടിയോളം എത്തുമെന്നാണ് കരുതുന്നത്.
മൂന്നാംലോക രാജ്യങ്ങളിലെ അന്തരീക്ഷ മലിനീകരണം ഇതിന്റെ ആക്കം കൂട്ടുമെന്നാണ് കരുതുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തെ 99 ശതമാനം പേരും അംഗീകരിക്കാവുന്നതിൽ കൂടുതലുള്ള അന്തരീക്ഷ മലിനീകരണത്തിലാണ് ജീവിക്കുന്നത്. ലോകത്ത് മലിനീകരണം നിയന്ത്രികുകയാണ് മറവി രോഗം കുറയ്ക്കാനുള്ള മാർഗമെന്ന് പഠനം നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.