മാരുതി സുസുക്കി വിക്ടോറിസ്, ഗ്രാൻഡ് വിറ്റാര 

ഗ്രാൻഡ് വിറ്റാര, വിക്ടോറിസ്; കൺഫ്യൂഷൻ വേണ്ട! മാരുതിയുടെ രണ്ട് മിഡ്-സൈസ് എസ്.യു.വികളെ കുറിച്ച് കൂടുതൽ അറിയാം

മാരുതി സുസുക്കി ഇന്ത്യ മോട്ടോഴ്സിന്റെ ആദ്യ മിഡ്‌-സൈസ് എസ്.യു.വിയായ ഗ്രാൻഡ് വിറ്റാര വിൽപ്പനയിൽ പല റെക്കോർഡുകളും മറികടന്ന് ജൈത്രയാത്ര തുടരുമ്പോൾ വിറ്റാരക്ക് കൂട്ടായി വിപണിയിൽ എത്തിച്ച രണ്ടാമത്തെ മിഡ്‌-സൈസ് എസ്.യു.വിയയാണ് വിക്ടോറിസ്. പ്രീമിയം എസ്.യു.വിയായ ബ്രെസ്സക്ക് മുകളിലും ഗ്രാൻഡ് വിറ്റാരക്ക് താഴെയുമായി നിരത്തുകളിൽ എത്തിച്ച വിക്ടോറിസ് ഗ്രാൻഡ് വിറ്റാരയോട് ഏറെ സാമ്യമുള്ള വാഹനമാണ്.

മാരുതി സുസുക്കിയുടെ നിർമാണ പ്ലാറ്റ്‌ഫോമായ 'ഗ്ലോബൽ സി' അടിസ്ഥാനമാക്കി നിർമിച്ച മിഡ്‌-സൈസ് എസ്.യു.വികളാണ് ഗ്രാൻഡ് വിറ്റാരയും വിക്ടോറിസും. 4360 എം.എം നീളവും 1795 എം.എം വീതിയും 1655 എം.എം ഉയരവുമായാണ് വിക്ടോറിസ് എത്തുന്നത്. ഇത് ഗ്രാൻഡ് വിറ്റാരയേക്കാൾ 15 എം.എം നീളവും 10 എം.എം ഉയരവും കൂടുതലുണ്ട്. എങ്കിലും ഇരു എസ്.യു.വികളുടെയും വീൽ ബേസ് 2600 എം.എം ആണ്.

പുതുതലമുറ വാഹനങ്ങളിൽ കണ്ടുവരുന്ന ഡിസൈൻ സവിശേഷതയായ സ്പ്ലിറ്റ് ഹെഡ്‍ലാംപ് വിക്ടോറിസിനില്ലാത്തതിനാൽ എൽ.ഇ.ഡി ലൈറ്റ്ബാറിന് പകരം ക്രോം സ്ട്രിപ്പ് വഴിയാണ് ഹെഡ്‍ലൈറ്റുകൾ നൽകിയിട്ടുള്ളത്. വിറ്റാരയെ പോലെ മുൻവശത്ത് വലിയ ഗ്രില്ലുകൾ ഇല്ലാത്തതും വിക്ടോറിസിന്റെ മറ്റൊരു പ്രത്യേകതയാണ്. മാരുതി സുസുക്കി വിക്ടോറിസിൽ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എൻജിൻ, സ്ട്രോങ്ങ് ഹൈബ്രിഡ് എൻജിൻ എന്നിവ കൂടാതെ സി.എൻ.ജി വേരിയന്റിലും പവർട്രെയിൻ സജ്ജീകരിച്ചിട്ടുണ്ട്.

മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എൻജിൻ

1.5-ലിറ്റർ K15C നാച്ചുറലി അസ്പിറേറ്റഡ് ടെക്നോളജിയിൽ 103 ബി.എച്ച്.പി കരുത്തിൽ 137 എൻ.എം മുതൽ 139 എൻ.എം പീക് ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് എൻജിൻ. ഈ എൻജിൻ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭിക്കും. കൂടാതെ ഓട്ടോമാറ്റിക് വകഭേദത്തിൽ ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് മോഡുകളും ലഭ്യമാണ്.

സ്ട്രോങ്ങ്-ഹൈബ്രിഡ് എൻജിൻ

1.5-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ സ്ട്രോങ്ങ്-ഹൈബ്രിഡ് എൻജിനാണ് വിക്ടോറിസിന്റെ മറ്റൊരു കരുത്ത്. ഈ എൻജിൻ 116 ബി.എച്ച്.പി കരുത്തിൽ 141 എൻ.എം പീക് ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിൽ ഇ-സി.വി.ടി ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ട്രോങ്ങ്-ഹൈബ്രിഡ് എൻജിൻ അനുസരിച്ച് വിപണിയിലെത്തുന്ന വിക്ടോറിസിന് ഫ്രണ്ട്-വീൽ വകഭേദം മാത്രമേ ലഭ്യമാകുകയൊള്ളു.

സി.എൻ.ജി ഓപ്ഷൻ

1.5-ലിറ്റർ പെട്രോളിനൊപ്പം കമ്പനി സജ്ജീകരിക്കുന്ന എസ്-സി.എൻ.ജി കിറ്റോഡ് കൂടെയാണ് സി.എൻ.ജി വകഭേദം നിരത്തുകളിൽ എത്തുന്നത്. ഈ എൻജിൻ സി.എൻ.ജി വകഭേദത്തിൽ 88 പി.എസ് കരുത്തും 121.5 എൻ.എം പീക്ക് ടോർക്കും ഉത്പാതിപ്പിക്കും. പെട്രോൾ വേരിയന്റിൽ 99 പി.എസ് കരുത്തും 137 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. സി.എൻ.ജി ഓപ്ഷൻ ഫ്രണ്ട്-വീൽ ഡ്രൈവിൽ മാത്രമാണ് ലഭ്യമാകുക. വാഹനത്തിന്റെ അടിവശത്തയി ട്വിൻ-ടാങ്ക്, സി.എൻ.ജി ഇന്ധനത്തിനായി സജ്ജീകരിച്ചിരിക്കുന്നതിനാൽ വാഹനഉടമകൾക്ക് ബൂട്ട്സ്-സ്‌പേസിൽ സാധാരണ വാഹനങ്ങൾക്ക് ലഭിക്കുന്ന സ്ഥലം ലഭിക്കും.

മാരുതിയുടെ ആദ്യ മിഡ്-സൈസ് എസ്.യു.വിയായ ഗ്രാൻഡ് വിറ്റാരയിലും വിക്ടോറിസിന്റെ അതേ പവർട്രെയിനുകളാണ് കമ്പനി നൽകുന്നത്. സി.എൻ.ജി വേരിയന്റിന് ബൂട്സ് സ്പേസിൽ ടാങ്ക് നൽകുന്നതിനാൽ അവിടെ ലഭിക്കുന്ന സ്ഥലം വിക്ടോറിസുമായി താരതമ്യം ചെയ്യുമ്പോൾ കുറവായിരിക്കും.

ഇരു വാഹനങ്ങളിലും വീൽ-ബേസുകൾ ഒരേ അളവിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും രണ്ട് മോഡലുകളുടെയും ഡോറുകൾ തികച്ചും വ്യത്യസ്തമാണ്. വിക്ടോറിസിൽ കൂടുതൽ ഷാർപ്പായ ലൈനുകൾ നൽകിയതോടൊപ്പം വീൽ ആർക്ക് ക്ലാഡിങും പിൻവശത്തെ ക്വാർട്ടർ ക്ലാസ് ഡ്യൂവൽ ടോൺ കളറും വിക്ടോറിസിനുണ്ട്. ഇരു മോഡലിലും 17 ഇഞ്ച് ഡ്യൂവൽ-ടോൺ അലോയ് വീലുകളാണ് മാരുതി നൽകിയിട്ടുള്ളത്. എന്നിരുന്നാലും അലോയ് വീലുകളുടെ ഡിസൈനിൽ മാറ്റങ്ങളുണ്ട്.

ആദ്യ കാഴ്ചയിൽ ഏറെ സാമ്യങ്ങൾ തോന്നുന്നുണ്ടെങ്കിലും ഉൾവശത്ത് ഏറെ മാറ്റങ്ങളോടെയാണ് ഇരു മോഡലുകളും എത്തുന്നത്. ഗ്രാൻഡ് വിറ്റാരയിൽ 9 ഇഞ്ച് സ്മാർട്ട് പ്ലേ പ്രൊ+ ടച്ച്സ്ക്രീൻ ആണ് ഉള്ളതെങ്കിൽ വിക്ടോറിസിൽ 10.1 ഇഞ്ച് ഫ്രീ സ്റ്റാൻഡിങ് ഇൻഫോടൈന്മെന്റ് ടച്ച്സ്ക്രീൻ ആണ് മാരുതി നൽകിയിരിക്കുന്നത്. ഇത് മാരുതിയുടെ ഐകോണിക് എസ്.യു.വിയായ ബ്രെസ്സയുടെതിന് സാമ്യതയുള്ളതാണ്. ഇൻഫോടൈന്മെന്റ് സ്‌ക്രീനിൽ പുതിയ സോഫ്റ്റ്‌വെയർ അനുസരിച്ച് കൂടുതൽ പ്രവർത്തനക്ഷമത, ഇൻസ്റ്റാൾ ചെയ്ത ആപുകൾ, ഓൺ-ബോർഡ് നാവിഗേഷൻ എന്നിവ ഉള്ളതിനാൽ വിക്ടോറിസ് ഒരുപടി മുമ്പിൽ നിൽക്കും.

സോഫ്റ്റ്-ടച്ച് മെറ്റീരിയലിൽ നിർമ്മിച്ച ഡാഷ് ബോർഡാണ് വിക്ടോറിസിനുള്ളത്. ഇതിൽ ആംബിയന്റ് ലൈറ്റുകൾ ഉള്ളതിനാൽ ഗ്രാൻഡ് വിറ്റാരയിൽ നിന്നും വ്യത്യസ്തമാണ്. അതേസമയം ഗ്രാൻഡ് വിറ്റാരയുടെ വാട്ടർഫാൾ എഫക്ട് ഡാഷ്ബോഡിൽ മധ്യഭാഗത്തിനാണ് പ്രാധാന്യം. ഇരു വാഹനങ്ങളിലും HAVC നിയന്ത്രണങ്ങൾക്കായി വ്യത്യസ്ത കൺട്രോളുകൾ നൽകിയിരിക്കുന്നു. സുരക്ഷക്ക് മുൻഗണന നൽകുന്നതിനാൽ ഇരു വാഹനങ്ങളിലും സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകൾ മാരുതി നൽകിയിട്ടുണ്ട്. കൂടാതെ മാരുതി ആദ്യമായി ADAS ലെവൽ 2 (അഡ്വാൻസ്ഡ് ഡ്രൈവർ അസസ്മെന്റ് സിസ്റ്റം) സുരക്ഷയുമായി വിപണിയിലെത്തുന്ന വാഹനമെന്ന ക്രെഡിറ്റും വിക്ടോറിസിനുള്ളതാണ്. 

 

Tags:    
News Summary - Comparison of Maruti Suzuki Grand Vitara and Victoris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.