ടെക്സാസ്: കമ്പനി വിടുമെന്ന് തുടരെ തുടരെ ഭീഷണി മുഴക്കുന്ന സി.ഇ.ഒ ഇലോൺ മസ്കിനെ പിടിച്ചുനിർത്താൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ ഡയറക്ടർ ബോർഡ് വൻ പ്രതിഫലം വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. ഒരു ട്രില്യൺ (ഒരു ലക്ഷം കോടി യു.എസ് ഡോളർ) ശമ്പളമായി നൽകാനാണ് നീക്കം.
എന്നാൽ, ഈ ഓഫർ സ്വീകരിക്കൽ അത്ര നിസാരമായ കാര്യമല്ല. ഭീമമായ പ്രതിഫലത്തോടൊപ്പം അതിലേറെ ഭീമമായ ടാർഗറ്റും കമ്പനി മസ്കിന് നൽകുന്നുണ്ട്. പൂർണ പ്രതിഫലം ലഭിക്കണമെങ്കിൽ മസ്ക് ടെസ്‌ലയെ 2035 ആകുമ്പോഴേക്കും കുറഞ്ഞത് 8.5 ട്രില്യൺ ഡോളറിന്റെ വിപണി മൂലധനത്തിലേക്ക് കൊണ്ടുപോകണം. ടെസ്‌ലയുടെ നിലവിലെ വിപണി മൂലധനം 1 ട്രില്യൺ ഡോളറിൽ അല്പം കൂടുതലാണ്.
ഇതിനുപുറമെ, 20 മില്യണ്‍ (രണ്ട് കോടി) കാറുകള്‍ വില്‍ക്കുകയും, 10 ലക്ഷം റോബോടാക്‌സികള്‍ വിന്യസിക്കുകയും, 10 എ.ഐ-പവേര്‍ഡ് ബോട്ടുകള്‍ പുറത്തിറക്കുകയും ചെയ്യേണ്ടിവരുമെന്ന് എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്.
ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞാൽ ഇലോണ്‍ മസ്‌കിനെ ലോകത്തെ ആദ്യ ട്രില്യണയര്‍ (ഒരുലക്ഷം കോടിയിലധികം സ്വത്തുള്ള വ്യക്തി) ആകും.
ഫോർബ്‌സിന്റെ റിയൽ ടൈം ബില്യണയർ ട്രാക്കർ പ്രകാരം 437.8 ബില്യൺ ഡോളർ ആസ്തിയുള്ള മസ്‌ക് ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. ഒറാക്കിളിന്റെ ലാറി എലിസൺ, മെറ്റയുടെ മാർക്ക് സക്കർബർഗ്, ആമസോണിന്റെ ജെഫ് ബെസോസ് എന്നിവരെക്കാൾ മുന്നിലാണ് മസ്‌ക്.
വില്‍പനയിലെ ഇടിവും ചൈനയുടെ ബി.വൈ.ഡിയില്‍ നിന്നുമുള്ള കടുത്ത മത്സരം നിലനിൽക്കുമ്പോൾ, വളർച്ചക്ക് തുടക്കമിടാനും കമ്പനിയെ പുതിയ ദിശയിലേക്ക് നയിക്കാനുള്ള മസ്കിന്റെ കഴിവിലുള്ള ബോർഡിന്റെ ആത്മവിശ്വാസമായാണ് പുതിയ നീക്കത്തെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.