തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷ മരണം കുറക്കാൻ തീവ്രയജ്ഞ പരിപാടിയുമായി വനം വകുപ്പ്. 45 ദിവസം നീളുന്ന പദ്ധതി സെപ്റ്റംബർ ഒന്നു മുതൽ മൂന്ന് ഘട്ടമായി നടപ്പാക്കുമെന്നും ആദ്യഘട്ടത്തിൽ എല്ലാ പഞ്ചായത്തിലും ഹെൽപ് ഡെസ്ക് തുടങ്ങുമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഫെൻസിങ്, വനത്തിൽ തടയണ-കുളം നിർമാണം, വന്യജീവി ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തൽ അടക്കമുള്ളവ ഇതിന്റെ ഭാഗമായി നടത്തും. വന്യജീവി ആക്രമണം ഇല്ലാതാക്കാൻ രൂപവത്കരിച്ച പത്ത് മിഷനുകളിൽ ആദ്യത്തേതാണിതെന്നും അടിയന്തര നടപടി എന്ന നിലക്കാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നും മന്ത്രി പറഞ്ഞു.
മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണവും നിവാരണവുമായി ബന്ധപ്പെട്ട് തയാറാക്കിയ നയസമീപന രേഖ ആഗസ്റ്റ് 31ന് കോഴിക്കോട്ട് മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ആ രേഖ പ്രകാരമായിരിക്കും ഈ രംഗത്തെ തുടർപ്രവർത്തനം.
ജനവാസ മേഖലയിലെ വന്യജീവികളെ അടിയന്തര ഘട്ടത്തിൽ കൊല്ലാനുള്ള നിയമത്തിന്റെ കരട് അടുത്ത മന്ത്രിസഭ യോഗത്തിൽ അവതരിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും വനസംരക്ഷണ നിയമത്തിൽ ചന്ദന മരം മുറിക്കാൻ അനുവാദം നൽകുന്നത് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.